30 June, 2021 08:25:59 PM


കെ.എസ്.ആർ.ടി.സിയിലും സ്പാർക്ക്; ശമ്പളവും സർവീസ് വിവരങ്ങളും ഓൺലൈനില്‍



തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനി മുതൽ ജി - സ്പാർക്ക് വഴി ഓൺലൈൻ ആയി ലഭ്യമാക്കും. കെ.എസ്.ആർ.ടി.സിയിലെ 27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവൻ കുറഞ്ഞ സമയത്തിനുള്ളിൽ ഉൾക്കൊള്ളിച്ച് ജി-സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ശമ്പളം നൽകുക എന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമായി പൂർത്തീകരിച്ചത്. കെ.എസ്.ആർ.ടി.സിയിൽ ലഭ്യമായ പരിമിതമായ മാനവവിഭവശേഷി മാത്രം ഉപയോഗപ്പെടുത്തിയാണ് ഇത് സാദ്ധ്യമാക്കിയത്.


സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതു പോലെ ഇനി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും അവരുടെ ലീവ്, ശമ്പളം, പി.ഫ് തുടങ്ങിയ എല്ലാ വിവരങ്ങളും ഇതോടുകൂടി വിരൽതുമ്പിൽ ലഭ്യമാകും. ജീവനക്കാരെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഗുണമാണ് ലഭിക്കുന്നത്. ഓരോ ജീവനക്കാരനും സ്വന്തമായ യൂസർ ഐഡി ഉപയോഗിച്ച് പി.എഫ് സബ്സ്ക്രിപ്ഷൻ വിവരങ്ങൾ, ശമ്പളബിൽ എന്നിവ കാണാനും കോപ്പി എടുക്കാനും സാധിക്കും. കെ.എസ്.ആർ.ടി.സി യെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും മാനേജ്മെന്റ് തല നയരൂപീകരണത്തിന് എളുപ്പത്തിൽ ലഭ്യമാകും. ഇതിനായി സോഫ്റ്റ് വെയർ തയ്യാറാക്കി പ്രവർത്തനസജ്ജമാക്കിയത് നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ, സ്പാർക്ക് എന്നിവരുടെ ശ്രമഫലമായാണ്‌.


ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനവും, ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവുമാണ് കെഎസ്ആർടിസി. കഴിഞ്ഞ ആറ് മാസമായി എൻഐസിയുടേയും , കെഎസ്ആർടിസിയുടേയും ജീവനക്കാർ പരീക്ഷണാർത്ഥം ഏപ്രിൽ മാസം മുതൽ നടത്തി വരുകയാണ്. ജൂൺ മാസം മുതൽ പൂർണ്ണമായി സ്പാർക്കിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനമാണ് ജൂലൈ രണ്ടിന് നടക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ എല്ലാ പ്രവർത്തനങ്ങളും കമ്പ്യൂട്ടർവത്കരിക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ വർഷം ആരംഭിച്ച സമ്പൂർണ കമ്പ്യൂട്ടറൈസേഷൻ്റെ ആദ്യ കാൽവെയ്പ്പാണിത്.

കെ.എസ്.ആർ.ടി.സിയിൽ ജി-സ്പാർക്ക് നടപ്പിലാക്കുന്നതിൻ്റെ ഉദ്ഘാടനം ജൂലൈ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രി അൻ്റണി രാജു നിർവ്വഹിക്കും. കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ്‌ ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K