30 June, 2021 07:02:40 PM


വളര്‍ത്തുനായയെ ചൂണ്ടക്കൊളുത്തില്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി



തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയില്‍ നായയെ ചൂണ്ടക്കൊളുത്തില്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതായി പരാതി. വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രുസ്തുരാജിന്റെ ഉടമസ്ഥതയിലുള്ള ബ്രൂണോ എന്ന് വിളിപ്പേരുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് തല്ലിക്കൊന്നത്. നാട്ടുകാരായ മൂന്ന് പേരാണ് നായയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


എന്നും കടപ്പുറത്തു പോകുമായിരുന്ന ബ്രൂണോ പതിവുപോലെ പോയതാണെന്നും ഒരാളെ പോലും ഉപദ്രവിക്കാത്ത സാധുവാണെന്നും ഉടമ പറയുന്നു. എന്നാല്‍ ഒരു തോണിയുടെ അടിയില്‍ വിശ്രമിച്ചിരുന്ന നായയെ ക്രൂരമായി ഇവര്‍ തല്ലി കൊല്ലുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് അക്രമി സംഘം തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ക്രിസ്തുരാജ് പറഞ്ഞു.


സംഭവത്തില്‍ ക്രിസ്തുരാജ് വിഴിഞ്ഞം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് പ്രതികളെ സ്‌റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ അവര്‍ സ്‌റ്റേഷനില്‍ ഹാജരായില്ലെന്നും ക്രിസ്തുരാജ് പറയുന്നു. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K