22 June, 2021 09:07:37 PM


വിസ്മയയുടെ മരണം; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു



തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച വിസ്മയയുടെ ഭര്‍ത്താവും അസിസ്റ്റന്‍ഡ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊല്ലം മോട്ടര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായരുന്നു കിരണ്‍ കുമാര്‍. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.


അതേസമയം വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. വിസ്മമയയുടെത് കൊലപാതകം തന്നെയെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് ഒരുങ്ങുന്നത്.


തിങ്കളാഴ്ച രാത്രിയോടെ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിസ്മയയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ കാര്‍ വിറ്റ് പണം നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടാന്‍ വിസ്മയയെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ ആരോപിക്കുന്നത്.


തിങ്കളാഴ്ച പുലര്‍ച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടില്‍പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരണ്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശുചിമുറിയില്‍ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടതെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K