18 June, 2021 09:58:20 PM


കോട്ടയം കോതനല്ലൂരിൽ ട്രയിൻ തടഞ്ഞ് ട്രാക്കിൽ കിടന്ന് യുവാവിന്‍റെ പരാക്രമം



കടുത്തുരുത്തി: കോതനല്ലൂരിൽ ട്രയിൻ തടഞ്ഞ് ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. ഇന്ന് രാവിലെയാണ് നാട്ടുകാരെ ആകെ ഞെട്ടിച്ചുകൊണ്ട് നാടകീയ സംഭവം അരങ്ങേറിയത്. കോട്ടയം കോതനല്ലൂർ റെയിൽവേ ഗേറ്റിന് സമീപമാണ് ജനങ്ങളെ ആശങ്കയിലാക്കി യുവാവിന്റെ പരാക്രമം നടന്നത്. രാവിലെ 8.15ന് കോട്ടയം എറണാകുളം പാതയിൽ ഓടിക്കൊണ്ടിരുന്ന പാലരുവി എക്സ്പ്രസിന് കൈകാണിച്ച ശേഷമാണ് യുവാവ് ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം നടത്തിയത്.


കൈ കാണിച്ചശേഷം റെയിൽവേ ട്രാക്കിൽ കയറി കിടക്കുകയായിരുന്നു ഇയാൾ. സംഭവം കണ്ട പാലരുവി എക്സ്പ്രസ്സിലെ ലോക്കോപൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമം നടത്തി. എന്നാൽ യുവാവിനെ മറികടന്ന ശേഷമാണ് ട്രെയിൻ നിന്നത്. യുവാവ് അപകടത്തിൽ പെട്ടു എന്ന് ഉറപ്പിക്കുന്ന രീതിയിൽ ആയിരുന്നു സംഭവം നടന്നത്. റെയിൽവേ അധികൃതരെ വിവരം അറിയിച്ച ശേഷം ആണ് പിന്നോട്ട് നടന്ന് ട്രാക്കിന് അടിയിൽ ട്രെയിനിൽ ഉണ്ടായിരുന്ന ജീവനക്കാർ പരിശോധന നടത്തിയത്.


തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ ആയ  കുറുപ്പന്തറയിലും ലോക്കോ പൈലറ്റ് വിവരമറിയിച്ചിരുന്നു. ഇവിടെ നിന്നും കടുത്തുരുത്തി പോലീസിനെ വിവരം അറിയിച്ചു. ട്രയിൻ നിർത്തിയത് കണ്ടു ഇറങ്ങിയ നാട്ടുകാരും പരിശോധനയിൽ ഒപ്പം കൂടി. ഇതിനിടെയാണ് ട്രെയിനിന്റെ അടിയിൽ നിന്നും യുവാവിനെ കണ്ടെത്തിയത്. യുവാവിന് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് ആദ്യ പരിശോധനയിൽ തന്നെ വ്യക്തമായി. എന്നാൽ നാട്ടുകാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാൾ പുറത്തേക്ക് വരാൻ തയ്യാറായില്ല. തുടർന്ന് പോലീസ് ഉൾപ്പെടെ എത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലും ഇയാൾക്ക് ശരീരഭാഗങ്ങളിൽ പരിക്കില്ല എന്ന് കണ്ടെത്തി.


ട്രയിനിന് കൈ കാണിച്ചശേഷം സമാന്തരമായി ട്രാക്കിൽ കിടന്നതിനാൽ ആണ് ഇയാൾക്ക് പരിക്ക് പറ്റാതിരുന്നത്.  പോലീസ് ആവർത്തിച്ച് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും ഇയാൾ ഭയത്തോടെ കൂടിയാണ് സംസാരിച്ചത്. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജിൽ എത്തിച്ച ആളെ പ്രാഥമിക പരിശോധനയ്ക്കു ശേഷം നാലാം വാർഡിൽ പ്രവേശിപ്പിച്ചതായി കടുത്തുരുത്തി പോലീസ് അറിയിച്ചു. മാനസിക വിഭ്രാന്തിയുള്ള ആളെന്ന നിലയിൽ ഇയാൾക്കെതിരെ കൂടുതൽ കേസുകൾ വേണ്ട എന്ന നിലപാടിലാണ് പോലീസ്.


കോട്ടയം പാറമ്പുഴ സ്വദേശിയായ 47 കാരൻ ആണ് ഇയാളെന്നും പേരും മേൽവിലാസവും അടക്കം എന്താണെന്നും പോലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തി ഉള്ള ആൾ എന്ന നിലയിൽ ഇയാളുടെ പേര് പോലീസ് പരസ്യപ്പെടുത്തുന്നില്ല. ഇയാൾ നേരത്തെ സമാനമായ രീതിയിൽ എന്തെങ്കിലും അക്രമങ്ങൾ കാട്ടിയോ എന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തെതുടര്‍ന്ന് അരമണിക്കൂറോളം കോട്ടയം എറണാകുളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇയാൾ എങ്ങനെയാണ് കോതനല്ലൂരിൽ എത്തിയതെന്ന് അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.


കുടുംബാംഗങ്ങളുമായി കൂടുതൽ സംസാരിച്ച ശേഷം മാത്രമേ ഇക്കാര്യങ്ങളെല്ലാം വ്യക്തത വരു എന്നാണ് പോലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഉടനെ ഇയാളെ മർദ്ദിക്കുന്നതിനുള്ള ശ്രമം ചില നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അവിടെത്തന്നെ തടിച്ചുകൂടിയവർ ഇത് തടയുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായി നാട്ടുകാർക്ക് മനസ്സിലായിരുന്നില്ല. ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണ് യുവാവ് നടത്തിയത് എന്നായിരുന്നു ലോക്കോപൈലറ്റ് ആദ്യഘട്ടത്തിൽ കരുതിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K