18 June, 2021 09:44:10 PM


'നിങ്ങളിലാരാണ് വലിയ ഗുണ്ട? നിങ്ങള്‍ തന്നെ തീരുമാനിക്കു'; പരിഹസിച്ച് സന്ദീപ് വാര്യര്‍



തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. നിങ്ങളിലാരാണ് വലിയ ഗുണ്ടയെന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലതെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. നാട്ടുകാരുടെ മുന്നില്‍ വീരസ്യം പറയണോ എന്നും സന്ദീപ് ചോദിച്ചു. രണ്ടാള്‍ക്കും പ്രായം എഴുപത് കഴിഞ്ഞില്ലേ എന്നും ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നതെന്നും സന്ദീപ് ചോദിച്ചു.


'നിങ്ങളിലാരാണ് വലിയ ഗുണ്ട എന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലത്? ഇങ്ങനെ നാട്ടുകാരുടെ മുന്നില്‍ വീരസ്യം പറയണോ? പ്രായം എഴുപത് കഴിഞ്ഞില്ലേ രണ്ടാള്‍ക്കും? ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നത്? കഷ്ടം' എന്നായിരുന്നു 'ബ്രണ്ണന്‍ തള്ളുകള്‍' എന്ന ഹാഷ് ടാഗോടെയുള്ള സന്ദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.


ബ്രണ്ണന്‍ കേളേജില്‍ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ നേരിട്ടത് സുധാകരന്‍ വിശദീകരിക്കുന്നത് ഇങ്ങനെ- ''എസ് എഫ് ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെ എസ് യുവിന്‍റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എ കെ ബാലന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെ എസ് യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാസിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. വീണുപോയ പിണറായിയെ എന്‍റെ പിള്ളേര്‍ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.'

അതേസമയം ബ്രണ്ണന്‍ കോളേജില്‍ വച്ച് തന്നെ ചവിട്ടിയിട്ടെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. 'അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സ്വപ്നം കാണേണ്ടത് തടയേണ്ട ആള്‍ ഞാനലല്ലോ. അതൊരു സ്വപ്നാടനത്തിന്‍റെ ഭാഗം മാത്രമാണ് ആ പറയുന്ന കാര്യങ്ങള്‍. അന്നത്തെ ഞാനും ആ കാലത്തെ കെ.സുധാകരനും. അദ്ദേഹത്തിനൊരു സ്വപ്നമോ മോഹമോ ഉണ്ടായിക്കാണും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അതു യഥാര്‍ത്ഥ്യമായാല്‍ അല്ലേ അങ്ങനെ പറയാനാവൂ. എതിര്‍പക്ഷത്തുള്ള ആളെന്ന നിലയില്‍ എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടായി കാണും. അന്ന് അദ്ദേഹം ഈ സുധാകരനല്ല വിദ്യാര്‍ത്ഥിയായ സുധാകരനല്ലേ. എന്നെ കിട്ടിയാലൊന്ന് തല്ലാമെന്നും വേണമെങ്കില്‍ ചവിട്ടിവീഴ്ത്താമെന്നും അദ്ദേഹം മനസ്സില്‍ കണ്ടിട്ടുണ്ടാവും.'- എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K