16 June, 2021 05:19:23 PM


വനംമന്ത്രി എ.കെ.ശശീന്ദ്രന് 'വീരപ്പന്‍' പുരസ്കാരം നല്‍കി പഴയ 'സഹപ്രവർത്തകർ'




കൊച്ചി: സംസ്ഥാനത്തെ മികച്ച അഴിമതി മന്ത്രിയ്ക്കുള്ള 'വീരപ്പന്‍ അവാര്‍ഡ്' എ.കെ.ശശീന്ദ്രന്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാരിവട്ടത്തെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയിലാണ് പുരസ്കാരം കൈമാറിയത്. എ.കെ.ശശീന്ദ്രന്‍റെ മുഖംമൂടിയണിഞ്ഞ എന്‍.സി.വൈ.കെ പ്രവര്‍ത്തകനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വയനാട് മുട്ടില്‍ മരംമുറി വിവാദത്തില്‍ ആരോപണ വിധേയനായ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എറണാകുളം ജില്ലാ കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചത്.

കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, റവന്യൂ-വനംവകുപ്പ് മന്ത്രിമാര്‍ രാജിവെയ്ക്കുക, കേസില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കുകള്‍ അന്വേഷിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് പാറപ്പുറം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മന്ത്രി സ്ഥാനം ഏറ്റെടുത്തിന് തൊട്ടുപിന്നാലെ മന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മരംമുറി കേസിലെ പ്രതികളായ മാംഗോ ഫോണ്‍ ഉടമകളുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സലിം അധ്യക്ഷത വഹിച്ചു. എ കെ ശശീന്ദ്രന്‍റെ എൻസിപിയിൽ നിന്ന് പുറത്തുവന്ന് മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പാർട്ടിയാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K