12 June, 2021 02:13:43 PM


ബിജെപിക്ക് പകരം ബിഎസ്പി; പഞ്ചാബിൽ മായാവതിയുമായി സഖ്യം പ്രഖ്യാപിച്ച് അകാലിദൾ



ദില്ലി: പഞ്ചാബിൽ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ.  മായാവതിയുടെ ബി എസ് പിയുമായാണ് അകാലിദൾ സഖ്യമുണ്ടാക്കിയത്.  2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി 20 സീറ്റുകളിലായിരിക്കും മത്സരിക്കുക. ഇന്ന് രാവിലെ ഇരുപാർട്ടിയുടെയും നേതാക്കളായ സതീഷ് ചന്ദ്ര മിശ്രയും സുഖ്ബീർ സിംഗ് ബാദലും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഎസ്പി മത്സരിക്കുന്ന 20 സീറ്റുകൾ ഏതൊക്കെയാണെന്ന് ബാദൽ പ്രഖ്യാപിക്കും.


നേരത്തെ ബിജെപിയുമായുള്ള സഖ്യം ശിരോമണി അകാലിദൾ ഉപേക്ഷിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്, ബിജെപി ഇതര കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് അധ്യക്ഷൻ ബാദൽ പ്രഖ്യാപിച്ചിരുന്നു. അകാലിദൾ സഖ്യത്തിൽ 23 സീറ്റുകളിലായിരുന്നു ബിജെപി മത്സരിച്ചിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു കാർഷിക നിയമവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് അകാലിദൾ ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് പിന്മാറിയത്. പാർട്ടിയുടെ ഹർസിമ്രത് കൗർ ബാദൽ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവെച്ചിരുന്നു.


കോൺഗ്രസ്, ബിജെപി, ആം ആദ്മി പാർട്ടി എന്നീ കക്ഷികൾ ഒഴികെയുള്ളവരുമായി അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് സഖ്യമുണ്ടാക്കുമെന്ന് ജൂൺ അഞ്ചിന് ബാദൽ വ്യക്തമാക്കിയിരുന്നു. ''ഞങ്ങൾ കോൺഗ്രസ്, ബിജെപി, എഎപി എന്നീ പാർട്ടികൾ ഒഴികെയുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിന് ഒരുക്കമാണ്. ഈ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല. ബിജെപിയുമായി സഖ്യത്തിന് ഒരു സാധ്യതയുമില്ല''- പാർട്ടി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.


ദളിത് വിഭാഗത്തിൽ നിന്നും ഒരാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് രണ്ട് മാസങ്ങൾക്ക് മുൻപ് ശിരോമണി അകാലി ദൾ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ദളിത് വോട്ടർമാർ 32 ശതമാനം വരുമെന്നാണ് കണക്കുകൾ. 27 വർഷങ്ങൾക്ക് ശേഷമാണ് ബിഎസ്പിയും അകാലിദളും സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1996ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിഎസ്പി- അകാലിദൾ സഖ്യം പഞ്ചാബിലെ 13 ൽ 11 സീറ്റും നേടിയിരുന്നു. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി മത്സരിച്ച 3 സീറ്റിലും വിജയിച്ചപ്പോൾ പത്തിൽ എട്ട് സീറ്റിലും അകാലിദളിന് വിജയിക്കാനായി.


പഞ്ചാബിലെ 31 ശതമാനം ദളിത് വോട്ടർമാരിലും ബി എസ് പിക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദോബ മേഖലയിലെ 23 സീറ്റുകളില്‍ ദളിത് വോട്ടുകൾ നിർണായകമാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ‍ഞ്ചാബിൽ ബി എസ് പിയും അകാലിദളും വെവ്വേറെയാണ് മത്സരിച്ചത്. ഇരു പാർട്ടികൾക്കും വോട്ടിങ്ങ് ശതമാനത്തിൽ വലിയ കുറവുമുണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K