11 June, 2021 05:50:00 PM


വൃദ്ധയുടെ അന്തിയുറക്കം കുളിമുറിയില്‍; സംരക്ഷണത്തിന് നിര്‍ദ്ദേശം നല്‍കി വനിതാകമ്മിഷന്‍



കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടി പുന്നയത്ത് എണ്‍പതുവയസുള്ള സാറാമ്മ അന്തിയുറങ്ങുന്നത് കുളിമുറിയില്‍. സാറാമ്മയുടെ സഹായത്തിന് വനിതാ കമ്മീഷന്‍ ഇടപെടല്‍. വിവരം അറിഞ്ഞ് സാറാമ്മയെ സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മൂവാറ്റുപുഴ ആര്‍ഡിഒയ്ക്കും കുന്നത്തുനാട് സ്റ്റേഷന്‍ എസ്‌എച്ച്‌ഒയ്ക്കും വേണ്ട നിര്‍ദേശം നല്‍കി.


ഷെല്‍റ്റര്‍ ഹോമിലേക്ക് താമസം മാറാന്‍ കമ്മിഷന്‍ അംഗം പരമാവധി നിര്‍ബന്ധിച്ചെങ്കിലും അതിനു തയാറാകാതെ ഈ മണ്ണില്‍തന്നെ താമസിക്കാന്‍ മകന്‍ സൗകര്യമൊരുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. രണ്ട് മാസത്തേക്ക് താത്കാലികമെന്ന് പറഞ്ഞ് വൃദ്ധസദനത്തില്‍ താമസിപ്പിച്ചശേഷം സ്ഥലത്തുണ്ടായിരുന്ന വീട് ഇടിച്ചുകളയുകയായിരുന്നുവെന്ന് സാറാമ്മ പരാതിപ്പെട്ടു.


വൃദ്ധസദനത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാതെ ഇപ്പോഴത്തെ സ്ഥലത്ത് താമസിച്ചുവരുന്ന തനിക്ക് മകന്‍ താമസസൗകര്യം ഉള്‍പ്പെടെ ചെലവിനു തരണമെന്നാണ് ആഗ്രഹമെന്ന് സാറാമ്മ വനിതാ കമ്മിഷനോടു പറഞ്ഞു. തന്‍റെ സംരക്ഷണം മകന്‍ ഏറ്റെടുക്കണമെന്ന അവരുടെ ആഗ്രഹം പരിഗണിച്ച്‌ വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ട് അതിനുള്ള നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി. വൃദ്ധയ്ക്ക് വേണ്ട സംരക്ഷണം കൊടുക്കാനും ഭക്ഷണവും മരുന്നും കൃത്യമായി എത്തിക്കാനും വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K