10 June, 2021 02:52:53 PM


വീഡിയോ ചെയ്തതിന്‍റെ പേരിൽ യുവാവ് അഗ്നിക്കിരയാക്കിയ 28കാരി മരിച്ചു




കൊല്ലം: ഇടമുളയ്ക്കലിൽ യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര ആണ് മരിച്ചത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ഇരുവരും രണ്ടുവർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സമൂഹമാധ്യമത്തിൽ വീഡിയോ ചെയ്തതിന്‍റെ പേരിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒപ്പം കഴിഞ്ഞിരുന്ന ഷാനവാസ് വഴക്കിനെത്തുടർന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് മരിക്കും മുൻപ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. മരണ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അഞ്ചൽ പൊലീസ് പറഞ്ഞു.

നാൽപത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഒന്നിച്ചായിരുന്നു താമസം. ഇവർക്ക് മൂന്ന്‌ മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തിൽ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഇരുവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അഞ്ചൽ സിഐ സൈജു നാഥിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

ആതിര നേരത്തെ ടിക് ടോക്കിൽ സജീവമായിരുന്നു. സമൂഹമാധ്യമത്തിൽ ഇപ്പോഴും വീഡിയോകൾ ചെയ്തിരുന്നു. മറ്റുചില പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നു എന്ന സംശയത്തെ തുടർന്ന് ഷാനവാസ് പലപ്പോഴും ആതിരയെ മർദ്ദിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം ആതിരയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ശരീരമാസകലം തീപടർന്ന് വീടിനുള്ളിൽ ഓടുന്ന ആതിരയെയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K