09 June, 2021 01:24:15 PM


പ്രവാസി വ്യവസായിയെ കൊന്ന് ഹോമകുണ്ഡത്തില്‍ കത്തിച്ച കേസ്; ഭാര്യയ്ക്കും മകനും ജീവപര്യന്തം



മംഗളൂരു: പ്രവാസി ഹോട്ടൽ വ്യവസായി ഉഡുപ്പിയിലെ ഭാസ്‌കർ ഷെട്ടിയെ (52) കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും അടക്കമുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാർക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജൻ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഉഡുപ്പി സെഷൻസ് കോടതി ജഡ്ജി ജെ എൻ സുബ്രഹ്മണ്യയാണ് വിധി പ്രസ്താവിച്ചത്.


തെളിവു നശിപ്പിച്ചതിനു പ്രതി ചേർത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെ വിട്ടു. ഇതേ കുറ്റം ചുമത്തി പ്രതി ചേർത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവിൽ മരണപ്പെട്ടു. പ്രതികളിൽ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യത്തിലിറങ്ങിയിരുന്നു. നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്. 2016 ജൂലൈ 28ന് ആണ് ഭാസ്‌കർ ഷെട്ടി കൊല്ലപ്പെട്ടത്. ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടിൽ ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം നിരഞ്ജൻ ഭട്ടിന്റെ വീട്ടിലെത്തിച്ചു ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്.


ഭാസ്‌കർ ഷെട്ടിയെ കാണാനില്ലെന്നു കാണിച്ച് അദ്ദേഹത്തിന്റെ മാതാവ് മണിപ്പാൽ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. രാജേശ്വരി ഷെട്ടിയും നിരഞ്ജനുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടുകളും ഭാസ്കർ ഷെട്ടി എതിർത്തതോടെ സ്വത്തു തട്ടിയെടുക്കൽ ലക്ഷ്യമിട്ടു ഭാര്യയും മകനും നിരഞ്ജനും ചേർന്ന് ഭാസകർ ഷെട്ടിയെ കൊലപ്പെടുത്തി എന്നാണു കേസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K