08 June, 2021 06:20:12 PM


പട്ടികജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ സഹായ പദ്ധതി



പാലക്കാട്: ജില്ലയില്‍ സ്മാര്‍ട്ട്ഫോണിന്റെ അഭാവത്തില്‍ പഠനം തടസ്സമാകുന്ന 300 നിര്‍ധന പട്ടികജാതി-പട്ടികവര്‍ഗ്ഗ   വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കുന്ന സഹായ പദ്ധതിക്ക്  ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം അനുവദിച്ചതിനെ തുടര്‍ന്ന് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുന്നത്.


എസ്.എസ്.എല്‍.സി, പ്ലസ്വണ്‍, പ്ലസ്ടു, വി.എച്ച്.എസ്.സി ക്ലാസുകളിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ഥികളാണ് അര്‍ഹര്‍.  ഒരു കുടുംബത്തിലെ ഒരു കുട്ടിക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കുടുംബത്തില്‍ ആര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരിക്കരുത്.


മാനദണ്ഡങ്ങള്‍


1) പി.എച്ച്.എച്ച്/എ.എ.വൈ കാര്‍ഡിലുള്‍പ്പെട്ടവരായിരിക്കണം. ഇവര്‍ക്ക് മുന്‍ഗണന
2) അനാഥര്‍
3) മാതാപിതാക്കളില്‍ ഒരാള്‍ കിടപ്പുരോഗി
4) സിംഗിള്‍ പാരന്റ്
5) വികലാംഗര്‍
6) പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന.
7) പ്രത്യേക ദുര്‍ബല ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (പി.വി.റ്റി.ജി) മുന്‍ഗണന


വിദ്യാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനകം അവരവര്‍ പഠിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാര്‍ ലഭിച്ച അപേക്ഷകള്‍ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പട്ടികജാതി വികസന ഓഫീസര്‍/ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് ബന്ധപ്പെട്ട സാക്ഷ്യപത്രം സഹിതം അതത് ദിവസം തന്നെ കൈമാറും. തുടര്‍ന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പട്ടികജാതി വികസന  ഓഫീസര്‍/ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ അപേക്ഷകള്‍ ബന്ധപ്പെട്ട സാക്ഷ്യപത്രം സഹിതം സീല്‍ ചെയ്ത കവറില്‍ ജൂണ്‍ 19 ന് നോഡല്‍ ഓഫീസര്‍ പാലക്കാട് ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍/എ.ഡി.എമിന് കൈമാറും.


ജില്ലാ കലക്ടര്‍, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍, വി.എച്ച്.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ജില്ലാ ഓഫീസര്‍ എന്നിവര്‍ അപേക്ഷകള്‍ പരിശോധിക്കുന്ന കമ്മിറ്റി അംഗങ്ങളില്‍
ഉള്‍പ്പെടും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K