07 June, 2021 09:24:39 PM


ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാകരുത്: കൊടകര കുഴൽപ്പണക്കേസിൽ ഷാഫി പറമ്പിൽ


തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസിൽ നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ.  കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം ഉറപ്പാക്കാൻ സര്‍ക്കാരിന് കഴിയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ബിജെപിയുമായി പണത്തിന് ബന്ധമില്ലെന്നും  പൊലീസ് തലകുത്തി നിന്നാലും അന്വേഷണം ബിജെപിയിലേക്ക് എത്തില്ലെന്നുമാണ് അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. അത് തന്നെയാണ് പേടിയെന്നും പൊലീസ് തലകുത്തി നിന്നല്ല നേരെ നിന്നാണ് കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കേണ്ടത് എന്നും ഷാഫി പറമ്പിൽ നിയമസഭയിൽ പറഞ്ഞു. 

തെര‍ഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് വരെ പണം നഷ്ടപ്പെട്ടതിനെ കുറിച്ച് പരാതി നൽകാൻ ബിജെപി തയ്യാറായില്ല. ആ പണം കൊണ്ട് വന്നതും അതിനറെ ഉത്തവരാദിത്തവും ധര്‍മ്മരാജനാണെന്ന് അറിയാത്ത ആരും ഉണ്ടായിരുന്നില്ല. പ്രചാരണ സാമഗ്രികളെത്തിക്കാനാണ് ധര്‍മ്മരാജനെ ചുമതലപ്പെടുത്തിയതെന്നാണ് ബിജെപി പറയുന്നു. പലതരം ബന്ധങ്ങൾ പുറത്ത് വന്നിട്ടും ധര്‍മ്മരാജനുമായി ബന്ധമില്ലെന്നാണ് ബിജെപി പറയുന്നു. 

മഞ്ചേശ്വരത്തെ ചില വീടുകളിൽ വരെ വോട്ട് ചെയ്യാതിരിക്കാൻ ബിജെപി പണം മുടക്കി എന്ന പരാതി പുറത്ത് വന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ച് പോലും ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവര്‍ക്ക് കൂട്ടു നിൽക്കുന്നവരായി സര്‍ക്കാരും അന്വേഷണ സംഘവും മാറരുത്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറയുന്ന പോലെ ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാകരുത് സ്ഥിതിയെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K