07 June, 2021 06:50:19 PM


അശ്ലീല വീഡിയോ- ഫോട്ടോ പ്രചരണം: പാലക്കാട് രണ്ട് പേര്‍ അറസ്റ്റില്‍; 29 കേസുകള്‍



പാലക്കാട്: സംസ്ഥാന പോലീസും സൈബര്‍ ഡോമും ചേര്‍ന്ന് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ജൂണ്‍ ആറിന് ജില്ലയില്‍ നടത്തിയ റെയ്ഡില്‍ 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അറിയിച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും സംശയാസ്പദമായി കണ്ടെത്തിയ മുപ്പതോളം ലാപ്‌ടോപ്പ്, മൊബൈല്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.


അശ്ലീല വീഡിയോകളും ഫോട്ടോകളും സ്മാര്‍ട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സൂക്ഷിക്കുകയോ സെബറിടത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ  സൈബര്‍ഡോം സഹായത്തോടെ നിരീക്ഷിച്ച് പിടികൂടുന്നതിനു വേണ്ടി കേരള പോലീസ് നടത്തുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ പി ഹണ്ട്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വിലപേശല്‍ നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ട് ഊര്‍ജിതമാക്കിയത്. പി ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സബ് ഡിവിഷണല്‍ ഡി.വൈ.എസ്.പി.മാര്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ടീം, ജില്ലാ സൈബര്‍ സെല്‍ ടീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ 45 ഓളം റെയ്ഡുകളാണ് ഇതോടനുബന്ധിച്ച് നടത്തിയത്.


റെയ്ഡിന്റെ ഭാഗമായി ടൗണ്‍ സൗത്ത്- 3, ഹേമാംബിക  നഗര്‍ - 3,കൊപ്പം, ചാലിശ്ശേരി, പട്ടാമ്പി, ആലത്തൂര്‍,സ്റ്റേഷനുകളില്‍ രണ്ടുവീതം, മങ്കര  നെന്മാറ, ടൗണ്‍ നോര്‍ത്ത്, മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, കല്ലടിക്കോട്, ഒറ്റപ്പാലം, ചിറ്റൂര്‍, നാട്ടുകല്‍, കുഴല്‍മന്ദം, കോങ്ങാട്, വടക്കഞ്ചേരി, ചെര്‍പ്പുളശ്ശേരി,  വാളയാര്‍, കസബ  തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഒന്ന് വീതം മൊത്തം 29 കേസുകളാണ് പോക്‌സോ, 67 (ബി) ഐടി ആക്ട്, സി.ആര്‍.പി.സി 102 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തത്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം പിഴയും ലഭിക്കുന്ന കുറ്റമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K