07 June, 2021 06:32:08 PM


ചേർപ്പുങ്കൽ പാലം നിർമ്മാണം പുനരാരംഭിക്കാന്‍ നടപടിയെടുക്കും - മന്ത്രി മുഹമ്മദ് റിയാസ്

- സുനില്‍ പാലാ



പാലാ: ചേർപ്പുങ്കൽ സമാന്തര പാലത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമ സഭയിൽ അറിയിച്ചു. എം.എൽ.എമാരായ അഡ്വ.മോൻസ് ജോസഫ്, മാണി.സി.കാപ്പൻ എന്നിവർ നിയമസഭയിൽ ഇന്ന് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.


21-02-2019 -ൽ ചേർപ്പുങ്കൽ സമാന്തര പാലത്തിന്‍റെ നിർമ്മാണം ആരംഭിച്ചിരുന്നു. 90% സ്ട്രക്ചറിന്റെ പണി പൂർത്തിയായ ഘട്ടത്തിലാണ് സൂപ്പർ സ്ട്രക്ചറിന്റെ അളവ് രേഖപ്പെടുത്തിയതിലെ പിശക് ശ്രദ്ധയിൽപ്പെട്ടത്.  ഇതേ തുടർന്ന് എസ്റ്റിമേറ്റ് പുതുക്കേണ്ട സാഹചര്യമുണ്ടായതായി മന്ത്രി വിശദമാക്കി. എന്നാൽ ഈ നടപടി പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ അംഗീകരിക്കാൻ തയ്യാറായില്ല. ഇതേതുടർന്ന് കരാറുകാരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുകയുണ്ടായി.


ഹൈക്കോടതിയുടെ വിധി ന്യായം നിർദ്ദേശിച്ചിരിക്കുന്നത് ആറാഴ്ചയ്ക്കകം കരാറുകാരനെ കേട്ടശേഷം തീരുമാനമെടുക്കാനാണ്. ഇത് പാലിക്കുന്നതിനുളള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഹൈക്കോടതി വിധി പ്രകാരം കരാറുകാരനെ നേരിൽ കേട്ടശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.


കടുത്തുരുത്തി അസംബ്ളി മണ്ഡലത്തിൽ ഉൾപ്പെട്ട കിടങ്ങൂർ പഞ്ചായത്തിന്റെ പരിധിയിൽ മീനച്ചിലാറിന് കുറുകെ നിർമ്മിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം രണ്ട് വർഷമായി മുടങ്ങിക്കിടക്കുകയാണെന്ന് സബ്മിഷൻ അവതരിപ്പിച്ച് കൊണ്ട് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ചൂണ്ടിക്കാട്ടി. ചേർപ്പുങ്കലിൽ ഇപ്പോൾ നിലവിലുള്ള വീതികുറഞ്ഞ പാലത്തിലൂടെ ഒരു വശത്തേക്ക് മാത്രമേ വാഹനങ്ങൾക്ക് പോകാൻ കഴിയുകയുള്ളൂ. 


വീതികുറഞ്ഞ പാലത്തിലൂടെ ആംബുലൻസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. സ്കൂളും, കോളേജും പ്രവർത്തനം ആരംഭിച്ചാലുള്ള അവസ്ഥ അതീവഗുരുതരമാകുമെന്ന് മോൻസ് ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി. വാഹന യാത്രയും കാൽനട യാത്രയും ഒരുപോലെ അപകട സ്ഥിതിയിലാകുന്ന സാഹചര്യമാണ് ചേർപ്പുങ്കൽ പാലത്തിൽ നിലനിൽക്കുന്നത്. ഈ ദുരവസ്ഥ പരിഹരിക്കുന്നതിന് 2009-ൽ മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സന്ദർഭത്തിൽ 9 കോടി രൂപ ചേർപ്പുങ്കൽ പാലത്തിന് വേണ്ടി അനുവദിച്ചത്. എന്നാൽ ഹൈക്കോടതിയിലും, പിന്നീട് സുപ്രീംകോടതിയിലും സ്ഥലം വിട്ടുനല്‍കുന്നതിനെതിരെ കേസ് വന്നതിനെ തുടർന്നാണ് പാലം നിർമ്മാണത്തിന് ആദ്യഘട്ടത്തിൽ കാലതാമസം ഉണ്ടായത്.


സുപ്രീം കോടതി വിധി അനുകൂലമായി ലഭിച്ച സാഹചര്യത്തിലാണ് സമാന്തര പാലത്തിന്റെ ഡിസൈൻ അംഗീകരിച്ച് പ്രവർത്തി ടെണ്ടർ ചെയ്തത്. എല്ലാ പ്രശ്നങ്ങളും തീർത്ത് പാലം നിർമ്മാണം ആരംഭിച്ച ശേഷം സർക്കാർ തലത്തിലും, പൊതുമരാമത്ത് വകുപ്പ് തലത്തിലും ഉണ്ടായിരിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നതാണ് പാലം നിർമാണം മുടങ്ങാൻ കാരണമായതെന്ന് മോൻസ് ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി.

    
ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനും, പാലം നിർമ്മാണം പുനരാരംഭിക്കുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാണി.സി.കാപ്പൻ എം.എൽ.എയും നിയമസഭയിൽ ആവശ്യപ്പെട്ടു. പാലാ -  കടുത്തുരുത്തി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കേണത് ഏറ്റവും വലിയ ജനകീയ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
    
ചേർപ്പുങ്കൽ പാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരെയും, പ്രവർത്തി ഏറ്റെടുത്തിട്ടുള്ള കമ്പനി  പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സർക്കാർ ഉന്നതതല യോഗം വിളിക്കണമെന്നും എം.എൽ.എമാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും നിയമ സഭയിൽ ആവശ്യമുന്നയിച്ചു. ഇക്കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K