07 June, 2021 06:06:07 PM


ലോക്ക്ഡൗൺ ജൂൺ 16 വരെ നീട്ടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ



തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടാകും.


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാം തരംഗത്തിൽ ടി പി ആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്.


നിലവിൽ സംസ്ഥാനത്ത് കോവിഡ് മരണം പതിനായിരത്തോട് അടുത്തു. ഇന്നലത്തെമാത്രം  227 പേരാണ് മരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണിത്. മരിച്ചവരിൽ രണ്ടായിരത്തി അറുന്നൂറിലേറെ പേർ അറുപത് വയസിന് താഴെയുള്ളവരാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K