04 June, 2021 07:29:24 PM


'പേരൂര്‍ ഫ്രണ്ട്സ്' കൈതാങ്ങായി; ഗോപിയുടെ വീടുപണി പുനഃരാരംഭിച്ചു



ഏറ്റുമാനൂര്‍: പേരൂരിലെ ഒരു കൂട്ടം യുവാക്കള്‍ നേതൃത്വം നല്‍കുന്ന വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഗോപിയുടെ കണ്ണീരിന് ആശ്വാസം. 'പേരൂര്‍ ഫ്രണ്ട്സ്' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പിരിച്ചെടുത്ത തുകകൊണ്ട് പാതിവഴിയില്‍ മുടങ്ങിപോയ ഗോപിയുടെ വീടുപണി വെള്ളിയാഴ്ച പുനഃരാരംഭിച്ചു. കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാവാതെ കണ്ണീര്‍ക്കയത്തിലകപ്പെട്ട ഗോപിക്ക് കൈതാങ്ങുമായി വാട്സ് ആപ്പ് കൂട്ടായ്മ രംഗത്തുവന്നത് 'കൈരളി വാര്‍ത്ത' റിപ്പോര്‍ട്ട് ചെയ്തിരുന്നു.


മരപ്പണിക്കാരനായ വലിയവീട്ടില്‍ ഗോപിയും കുടുംബവും പേരൂര്‍ പായിക്കാട് കടവിനുസമീപം മീനച്ചിലാറിന്‍റെ തീരത്തെ കൊച്ചുകൂരയിലായിരുന്നു താമസിച്ചിരുന്നത്. വെള്ളപ്പൊക്കത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തിയ കൂര പൊളിച്ചുപണിയുന്നതിന് ഏറ്റുമാനൂര്‍ നഗരസഭയില്‍നിന്ന് പണമനുവദിച്ചിരുന്നു. പണികള്‍ക്കായി വീട് പൊളിച്ചതോടെ ഗോപിയും കുടുംബവും ഒരു വാടകവീട്ടിലേക്ക് മാറി.


വീടുപണി പുരോഗമിക്കവെ വാര്‍ക്കയുടെ മുകളില്‍നിന്നും താഴെ വീണ് മകന്‍റെ നട്ടെല്ല് ഒടിഞ്ഞു. പുരപണിയ്ക്കായി നീക്കിവെച്ചിരുന്ന പണം മുഴുവന്‍ മകന്‍റെ ചികിത്സയ്ക്കായി മുടക്കി. വീണ് പരിക്ക് പറ്റിയതോടെ മകന് പണിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി. ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ വല്ലപ്പോഴുമുണ്ടായിരുന്ന ഗോപിയുടെ വരുമാനവും നിലച്ചു. ഒപ്പം വീടുപണിയും.


ആധാരം പണയം വെച്ച് രണ്ട് ലക്ഷം രൂപ വായ്പയെടുത്തെങ്കിലും വീടുപണി എങ്ങുമെത്തിയില്ല. വാര്‍ക്ക പൂര്‍ത്തീകരിക്കാതെ നഗരസഭ അടുത്ത ഗഡു നല്‍കില്ല. ധര്‍മ്മസങ്കടത്തിലായ ഗോപി പലരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെയാണ് വിവരമറിഞ്ഞ 'പേരൂര്‍ ഫ്രണ്ട്സ്' എന്ന വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ സഹായഹസ്തവുമായി എത്തിയത്. 


ഗോപിയും കുടുംബവും നേരിടുന്ന കഷ്ടതകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ സജീവചര്‍ച്ചയായി. 253 പേരുള്ള ഗ്രൂപ്പില്‍ കഴിഞ്ഞ വെളളിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം ചര്‍ച്ചയായത്. പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴേക്കും 23500 രൂപ അഡ്മിന്‍ ബിനു ആര്‍ നായരുടെ അക്കൌണ്ടിലേക്ക് പലരായി നിക്ഷേപിച്ചു. ഒരാഴ്ചകൊണ്ട് തുക 57000 കവിഞ്ഞു. ഇതിനിടെ തത്ക്കാലം ആവശ്യമായ നിര്‍മ്മാണസാമഗ്രികളും പണിക്കാര്‍ക്ക് കൊടുക്കാനുള്ള തുകയും തന്നാല്‍ പണികള്‍ പുനരാരംഭിക്കാമെന്ന് കരാറുകാരനും അറിയിച്ചു. അങ്ങിനെ പേരൂര്‍ ഫ്രണ്ട്സ് നല്‍കിയ തുകകൊണ്ട് പണികള്‍ ഇന്ന് പുനരാരംഭിക്കുകയായിരുന്നു. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K