04 June, 2021 05:51:36 PM


ഷൊർണൂരിൽ കിട്ടിയ അത്രയും വോട്ടുകൾ തണലുകളാക്കാൻ സന്ദീപ് ജി വാര്യർ



ഷൊർണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൊർണൂർ മണ്ഡലത്തിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി സന്ദീപ് ജി വാര്യർ തനിക്ക് കിട്ടിയ അത്രയും വോട്ടുകള്‍ തണലുകളാക്കാനുള്ള തീരുമാനത്തില്‍. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നയാൾ ആ മണ്ഡലത്തിന്‍റെ എം എൽ എ ആകുമ്പോൾ തോറ്റവർ പൊതുവേ മണ്ഡലത്തെ മറന്നു പോകുന്ന പതിവുകാഴ്ചയ്ക്ക് വിപരീതമായുള്ള ഒരു പ്രവൃത്തിയാണ് സന്ദീപ് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ചെയ്യാന്‍ പോകുന്നത്.


ഇക്കഴിഞ്ഞ നിയമനസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂർ മണ്ഡലത്തിൽ നിന്ന് സന്ദീപ് ജി വാര്യർക്ക് ലഭിച്ചത് 36,973 വോട്ടുകൾ. തനിക്ക് കിട്ടിയ അത്രയും വോട്ടുകൾ മണ്ഡലത്തിന് തണലായി നൽകാൻ തീരുമാനിച്ച സന്ദീപ് ജി വാര്യർ 36, 973  തൈകൾ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടും. നാളെ ഇതിന്‍റെ ആദ്യഘട്ട ഉദ്ഘാടനം ആയിരിക്കും നടക്കുക. തന്‍റെ ഫേസ്ബുക്ക് പേജിൽ സന്ദീപ് വാര്യർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


ജൂൺ അഞ്ചിന് രാവിലെ പത്തു മണിക്ക് ചെർപ്പുളശ്ശേരിയിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂരിൽ നിന്ന് സി പി എം സ്ഥാനാർത്ഥിയായ പി മമ്മിക്കുട്ടി ആയിരുന്നു വിജയിച്ചത്.


സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്,

'എന്റെ ഷൊർണൂരിന്റെ ഹരിതാഭ വീണ്ടെടുക്കാൻ എളിയ ശ്രമം. ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാവും. ഉദ്ഘാടനം രാവിലെ 10ന് ചെർപ്പുളശ്ശേരിയിൽ നിർവ്വഹിക്കും. ഷൊർണൂർ മണ്ഡലത്തിലെ സാംസ്കാരിക സാമൂഹിക വ്യക്തിത്വങ്ങൾ പങ്കാളികളാവും.'





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K