03 June, 2021 12:48:34 PM


'ഒരു പദവിയും ഏറ്റെടുക്കാനില്ല'; ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്ക് ഇല്ലെന്ന്‌ ജോസ് കെ.മാണി



കോട്ടയം: ഭരണ പരിഷ്ക്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്ത തള്ളി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി. ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളേ നടന്നിട്ടില്ല. ഒരു പദവിയും ഏറ്റെടുക്കാനില്ല. പാര്‍ട്ടിയിലുള്ള ചുമതല തന്നെ വളരെ വലുതാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ എത്തും. യു.ഡി.എഫിലെ ജനപിന്തുണയും സ്വാധീനവുമുള്ള നേതാക്കള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് വരും. എന്നാൽ അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പാര്‍ട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. ഈ മാസം 14-ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്ക്കാര കമ്മിഷൻ അധ്യക്ഷൻ. കാബിനറ്റ് റാങ്കുള്ള ഈ പദവിയിലേക്ക് ജോസ് കെ മാണി എത്തുമെന്നായിരുന്നു വാർത്ത. ഇതിനിടെ ഗവൺമെന്‍റ് ചീഫ് വിപ്പായി കേരള കോൺഗ്രസി(എം)ലെ ഡോ.എൻ.ജയരാജിനെ കാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതോടെ നിയമനം നിലവിൽ വരും. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K