28 May, 2021 05:49:33 PM


ജോസ് കെ മാണിയുടെ ഒഴിവിൽ രാജ്യസഭയിലേക്ക് ഉടൻ തെരഞ്ഞെടുപ്പില്ല



ദില്ലി: കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഉടൻ ഉപതെരഞ്ഞെടുപ്പില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെന്നും ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.


ഇന്ന് ചേർന്ന കമ്മീഷൻ യോഗത്തിലാണ് ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. കോവിഡ് രൂക്ഷ വ്യാപനം മാറിയ ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യസഭാ സീറ്റ് ഒഴിവുവന്നാൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി ഒഴിവുനികത്തണമെന്നാണ് ചട്ടം. കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ മാണി രാജിവെച്ചത്.  2024 ജൂലൈ ഒന്നാം തീയതിവരെയാണ് അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നത്.


ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിച്ച ജോസ് കെ മാണി പരാജയപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ ഈ രാജ്യസഭാ സീറ്റ് വീണ്ടും കേരള കോൺഗ്രസിന് തന്നെ നൽകുമോ അതോ സിപിഎം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കണമെന്നതിനാൽ ഉടൻ ഇതു സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുമെന്നായിരുന്നു  ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നത്.

അതേസമയം, കോവിഡ് തരംഗം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികൾക്ക് എതിർപ്പുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി നിന്നപ്പോൾ തന്നെയാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് പിന്നാലെ നിയമസഭ ചേർന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയും പൂർത്തിയാക്കി. നിയമസഭാ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്നിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു  ഇതെല്ലാം  നടന്നത്. ഇന്ന് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നന്ദി പ്രമേയവും അവതരിപ്പിച്ചു.


140 എംഎൽഎമാരാണ് രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത്. സ്പീക്കറുടെ തെരഞ്ഞെടുപ്പ് പോലെ തീർത്തും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്താമായിരുന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തടിസ്ഥാനത്തിലാണ് എന്നാണ് രാഷ്ട്രീയ കക്ഷികൾ ചോദിക്കുന്നത്.  വരും ദിവസങ്ങളിൽ ഈ തീരുമാനം വിവാദമാകുമെന്നുറപ്പാണ്.


യുഡിഎഫ് ഘടകകക്ഷിയെന്ന നിലയിൽ ലഭിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് പാർട്ടിയുടെ എൽഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചപ്പോൾ തന്നെ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യം യുഡിഎഫ് വിട്ട കേരള കോൺഗ്രസ് (എം) 2018 ൽ തിരികെ എത്തിയപ്പോഴുണ്ടായ ധാരണയുടെ ഭാഗമായാണ് പാർട്ടിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചത്. സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതിനെതിരെ അന്നു കോൺഗ്രസിൽ പ്രതിഷേധമുയർന്നിരുന്നു.  എന്നാൽ എൽഡിഎഫ് പ്രവേശനത്തിന് തൊട്ടുമുൻപ് ജോസ് കെ മാണി രാജ്യസഭാംഗത്വം  രാജിവെക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K