25 May, 2021 11:14:19 AM


ലതികാ സുഭാഷ് എന്‍സിപിയില്‍; 'തട്ടകം' മാറാന്‍ ഒരുങ്ങി യുഡിഎഫ് നേതാക്കളും



കോട്ടയം: ലതികാ സുഭാഷ് എൻസിപിയില്‍. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ദേശീയപാര്‍ട്ടിയായ എൻസിപിയിൽ ലതിക സുഭാഷിന് മികച്ച സ്ഥാനംതന്നെ ലഭിക്കും. പാർട്ടിയുടെ പ്രധാന ചുമതലയ്ക്കുപുറമെ എൻസിപിയ്ക്ക് ഇടത് മുന്നണിയിൽ ലഭിക്കുന്ന ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. എന്നാൽ ഇത് സംബന്ധിച്ച ചര്‍ച്ചകളിലേക്കൊന്നും ഇതുവരെ കടന്നിട്ടില്ലെന്ന് ലതികാ സുഭാഷ് കൈരളി വാര്‍ത്തയോട് പറഞ്ഞു. 


സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയിലും നിർണായക പങ്ക് വഹിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും സ്വാതന്ത്രയായി തന്നെ നിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എന്‍സിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഒരു പാർട്ടിയുടെ തണലിലേക്ക് മാറാൻ ലതികാ സുഭാഷ് തീരുമാനിച്ചത്.


കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്കെതിരെ ശക്തമായി നിലകൊള്ളേണ്ട കോണ്‍ഗ്രസ് ദേശീയതലത്തിലെന്നല്ല സംസ്ഥാനതലത്തിലും നിഷ്ക്രീയമായിരിക്കുകയാണ്. കേരളത്തിലെ ഗ്രൂപ്പ് വഴക്ക് ആണ് ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍പരാജയമുള്‍പ്പെടെയുള്ള അപചയങ്ങള്‍ക്ക് കാരണം. വനിതകളോടുള്ള അവഗണനയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്ന താന്‍ പാര്‍ട്ടി വിടുവാന്‍ കാരണമായത്. ഈ പ്രതിഷേധമാണ് ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ തന്നെ പ്രേരിപ്പിച്ചതും. മൂന്ന് മുന്നണികള്‍ക്കെതിരെ സ്വതന്ത്രയായി മത്സരിച്ച തനിക്ക് ലഭിച്ച 7624 വോട്ടും തീര്‍ത്തും വ്യക്തിപരമായി തന്നെ ലഭിച്ചതാണ് - ലതികാ സുഭാഷ് പറ‍ഞ്ഞു.


കോണ്‍ഗ്രസ് വിട്ട് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുമ്പും പിന്‍പും പ്രാദേശികവും ദേശീയവുമായ പാര്‍ട്ടികള്‍ അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ക്ഷണിച്ചുവെങ്കിലും വഴങ്ങിയിരുന്നില്ല. കോണ്‍ഗ്രസ് സംസ്കാരമുള്ള ദേശീയപാര്‍ട്ടി എന്ന നിലയിലും സംസ്ഥാനഅധ്യക്ഷസ്ഥാനത്ത് എത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ ക്ഷണിച്ചതിനാലുമാണ് താന്‍ എന്‍സിപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ലതിക പറഞ്ഞു.


ലതികാ സുഭാഷിനൊപ്പം ഭര്‍ത്താവ് കെ.ആര്‍ സുഭാഷും എന്‍സിപിയിലേക്ക് എത്തുകയാണ്. എന്നാല്‍ ഔദ്യോഗികപ്രഖ്യാപനം ഇന്നുണ്ടാവില്ല. ലതിക എന്‍സിപിയിലേക്ക് എന്ന വാര്‍ത്ത പരന്നതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ കോണ്‍ഗ്രസ്  പാര്‍ട്ടിവിടുവാന്‍ തയ്യാറായതായാണ് സൂചന. ഡിസിസി ഭാരവാഹികളായിരുന്നവര്‍ ഉള്‍പ്പെടെ പലരും ഈ വിവരം ലതികയെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.


എന്‍സിപി അധ്യക്ഷനായി പി.സി.ചാക്കോ ചുമതലയേറ്റത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാകുമെന്നതിന്‍റെ സൂചനകളാണിത്. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് തിരഞ്ഞെടുപ്പിലുണ്ടായ വന്‍പരാജയം അണികളില്‍ ആത്മവിശ്വാസം കെടുത്തിയിരിക്കുകയാണ്. ഇതും പാര്‍ട്ടിവിടുവാന്‍ പലരേയും പ്രേരിപ്പിക്കുന്ന ഘടകമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K