24 May, 2021 09:39:07 PM


ഒമ്പതുകാരിക്ക് അപൂർവ്വ ശസ്ത്രക്രിയ നടത്തി പാലാ മാർ സ്ലീവാ മെഡിസിറ്റി




പാലാ: ഒമ്പതുവയസ്സുകാരിക്ക് പീഡിയാട്രിക് തൊറാകോസ്കോപ്പിക് സർജറിയിലൂടെ പുതുജീവനേകി പാലാ മാർ സ്ലീവാ മെഡിസിറ്റി. ഒരു അപകടത്തെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പീഡിയാട്രിക് വിഭാഗം സീനിയർ  കൺസൾറ്റന്‍റ് ഡോ. ജിസ്സ് തോമസിന്‍റെ കീഴിൽ കൂടുതൽ പരിശോധനകൾക്ക് വിധേയയാക്കിയപ്പോൾ അന്നനാളത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും ഇടയിൽ ബ്രോങ്കോജനിക് മുഴ കണ്ടെത്തുകയായിരുന്നു.


വിദഗ്ധ ചികിത്സയ്ക്കായി കാർഡിയോ തൊറാസിക് & വാസ്ക്കുലാർ സർജറി വിഭാഗത്തിലേക്ക് മാറ്റപ്പെട്ട കുട്ടിയുടെ പ്രായവും രോഗത്തിന്‍രെ സങ്കീർണ്ണതയും മനസിലാക്കിയ ഡോക്ടമാർ കീഹോൾ സർജറി നിർദേശിച്ചു. തുടര്‍ന്ന് നടന്ന പീഡിയാട്രിക് കീഹോൾ തൊറാകോസ്കോപ്പിക്  ശസ്ത്രക്രിയയിലൂടെ 6 സെന്‍റീമീറ്റർ വലിപ്പമുള്ള മുഴ നീക്കം ചെയ്യുവാനായി.  


കുട്ടികളിൽ വളരെ അപൂർവമായി ചെയ്യുന്ന ഈ ശസ്ത്രക്രിയ വളരെ വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചുവെന്നു മാത്രമല്ല, കുട്ടി  പൂർണ്ണ ആരോഗ്യവതിയുമാണിപ്പോഴെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാർഡിയോ തൊറാസിക് & വാസ്ക്കുലാർ സർജറി സീനിയർ കൺസൾറ്റന്‍റ് ഡോ. കൃഷ്ണൻ ചന്ദ്രശേഖരൻ, സർജിക്കൽ ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം സീനിയർ കൺസൾറ്റന്‍റ് ഡോ. മഞ്ജുരാജ് കെ പി, കാർഡിയാക്  അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾറ്റന്‍റ് ഡോ. നിതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രീയ.


പീഡിയാട്രിക്സ്, പൾമനോളജി, കാർഡിയോ തൊറാസിക് & വാസ്ക്കുലാർ സർജറി, കാർഡിയാക് അനസ്തേഷ്യ, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി തുടങ്ങിയ വിവിധ ഡിപ്പാർട്മെന്റുകളുടെ പങ്കാളിത്തവും ഈ ശസ്ത്രക്രീയയില്‍ വലിയ പങ്ക് വഹിച്ചു. ആശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെന്‍റുകളുടെ കൂട്ടായ പരിശ്രമവും സഹകരണവുമാണ് അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K