22 May, 2021 07:33:28 PM


ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പാൽ വിതരണം ആരംഭിച്ചു



കോട്ടയം: ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പാൽ വിതരണം ആരംഭിച്ചു. തിരുവാർപ്പ്, ചങ്ങനാശേരി, പായിപ്പാട് മേഖലകളിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്  ഓരോ ലിറ്റർ പാൽ വീതമാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരം ലിറ്റർ വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ പാൽ ലഭ്യമാക്കും. 


ലോക് ഡൗൺ മൂലം മിൽമയുടെയും ക്ഷീരസംഘങ്ങളുടെയും സംഭരണ, വിതരണ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി നേരിട്ടിരുന്നു. മിൽമ കോട്ടയം ഡയറിയിൽ പ്രതിദിനം 10000 ലിറ്റർ പാൽ അധികമായി വന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടകളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പാല്‍ വിതരണത്തിന് തുടക്കം കുറിച്ചത്. 


തിരുവാര്‍പ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ. മേനോൻ വിതരണോദ്ഘാടനം  നിർവഹിച്ചു. പഞ്ചായത്ത് അംഗം അജയ്,  ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ,   ക്ഷീരവികസനവകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു , അസിസ്റ്റൻ്റ് ലേബർ ഓഫീസർ  ശ്രീദേവ് കെ. ദാസ്, ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ശാരദ, മിൽമ എറണാകുളം മേഖലാ യൂണിയന്‍ അംഗം സോണി ഈറ്റക്കൻ, മിൽമ മാർക്കറ്റിംഗ് മാനേജർ എബി തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K