19 May, 2021 04:53:36 PM


പി സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷന്‍; ശശീന്ദ്രൻ തന്നെ അഞ്ചു വർഷവും മന്ത്രി



കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോയെ നിയമിച്ചു. ദേശീയ അധ്യക്ഷൻ ശരത് പവാറാണ് ‌ചാക്കോയെ അധ്യക്ഷനായി നിയമിച്ചത്. അനാരോഗ്യത്തെ തുടർന്ന് അധ്യക്ഷ ചുമതലയിൽ നിന്ന് മാറിയ ടി പി പീതാംബരൻ താത്കാലിക ചുമതലയിൽ തുടരുകയായിരുന്നു.


മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പി സി ചാക്കോ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് പാർട്ടി വിട്ടത്. പിന്നീട് എൻ സി പിയിൽ ചേർന്ന ചാക്കോ എൽഡിഎഫിനായി തെരഞ്ഞെടുപ്പു പ്രചാരണത്തിലും സജീവമായിരുന്നു. ദേശീയ തലത്തിൽ യു പി എ യുടെ ഭാഗമാണ് എൻ സി പി. ബിജെപിക്കെതിരായ ബദൽ ഐക്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും പി സി ചാക്കോയുടെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തതാകുമെന്നാണ് എൻ സി പി ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. 

എൻസിപിക്ക് വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്തിയുണ്ട്. ലഭിച്ചത് മികച്ച വകുപ്പ് തന്നെയാണ്‌. കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ എൻസിപിയിലേക്ക് വരും. പലരും തന്നെ വിളിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ എൻ സി പിയുടെ പ്രസക്തി വർധിച്ചു. ബിജെപിയെയും മോദിയെയും എതിർക്കുന്ന മുഖ്യമന്ത്രിമാരുടെ ഐക്യനിര തീർക്കുകയാണ് എൻ സി പിയുടെ ലക്ഷ്യമെന്നും പി സി ചാക്കോ പറഞ്ഞു.


കോൺഗ്രസിന്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പി സി ചാക്കോയുടെ രാഷ്ട്രീയ പ്രവേശനം. കെ.എസ്.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. 1970 മുതൽ 1973 വരെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡൻറായും 1973-1975 കാലഘട്ടത്തിൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായും 1975 മുതൽ 1979 വരെ കെപിസിസിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.


1978ൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ആൻറണി വിഭാഗത്തിനൊപ്പം ചേർന്ന ചാക്കോ 1980 ൽ പിറവം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-1981 ലെ ഇ കെ നായനാർ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ആന്റണി വിഭാഗം 1982ൽ കോൺഗ്രസിൽ ലയിച്ചെങ്കിലും ചാക്കോ കോൺഗ്രസ് എസ് എന്ന പാർട്ടിയിൽ ചേർന്നു. 1982 മുതൽ 1986 വരെ കോൺഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.

പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. 1991ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ൽ മുകുന്ദപുരത്ത് നിന്നും 1998 ൽ ഇടുക്കിയിൽ നിന്നും 2009 ൽ തൃശൂരിൽ നിന്ന് തന്നെ വീണ്ടും ലോക്സഭയിൽ അംഗമായി. 1999 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് സി പി എമ്മിന്റെ കെ. സുരേഷ് കുറുപ്പിനോടും 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച സിനിമനടൻ ഇന്നസെന്റിനോടും പരാജയപ്പെട്ടു. ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അധ്യക്ഷനായിരുന്നു.


അതേസമയം, രണ്ടാം പിണറായി മന്ത്രിസഭയിൽ എൻസിപി മന്ത്രി സ്ഥാനം പങ്കിടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ കൊച്ചിയിൽ പ്രതികരിച്ചു. അഞ്ചുവർഷവും എ കെ ശശീന്ദ്രൻ തന്നെയായിരിക്കും മന്ത്രി. തോമസ് കെ തോമസിന് രണ്ടര വർഷം നൽകുമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K