14 May, 2021 05:37:17 PM


കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷം; ചെല്ലാനം, പി ആൻ്റ് ടി കോളനി അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിൽ


kochi under flood threat


കൊച്ചി: ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് കൊച്ചിയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെല്ലാനം, കണ്ണമാലി, മാനാശേരി എന്നീ പ്രദേശങ്ങൾക്ക് പുറമെ കൊച്ചി കോർപറേഷനിലെ സൗദിയിലും, പി ആന്റ് ടി കോളനിയും വെള്ളക്കെട്ട് അതീവ രൂക്ഷമാണ്. ചെല്ലാനത്തെ സ്ഥിതി അങ്ങേയറ്റം രൂക്ഷമാണ്. പ്രദേശത്തെ വീടുകളെല്ലാം വെള്ളത്തിനടിയിലാണ്. ചെല്ലാനത്ത് രാവിലെ 10 മണി മുതൽ കടൽകയറി തുടങ്ങിയിരുന്നു. ചെല്ലാനം കണ്ടക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെ 12 പേർ കുടുങ്ങിയിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ജീവനക്കാരെ മാറ്റിയത്.


കൊവിഡ് രോ​ഗബാധ രൂക്ഷമായ ചെല്ലാനത്ത് 55 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വെള്ളക്കെട്ടിനെ തുടർന്ന് ഇവിടെ ക്യാമ്പുകൾ തുറന്നുവെങ്കിലും കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ജനങ്ങൾ മാറാൻ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കൊവിഡ് അതിരൂക്ഷമായ ഈ പ്രദേശത്തെ പുനരധിവാസം ജില്ലാ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ചെല്ലാനം, കണ്ണമാലി, മാനാശേരി ഭാ​ഗങ്ങളിൽ വെള്ളംകയറുന്നതിനൊപ്പം തന്നെ കൊച്ചി കോർപറേഷനിലെ സൗദിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. സൗദിയിൽ ഒരു വീട് തകർന്നുവെന്നാണ് പുറത്തുവരുന്ന വിവരം.


കൊച്ചി പി ആൻ്റ് ടി കോളനിയും വെള്ളത്തിനടിയിലാണ്. കൊവിഡ് രോഗികൾ താമസിക്കുന്ന വീടുകളിലടക്കം വെള്ളം കയറിയത് ആശങ്ക സൃഷ്ടിച്ചു. ക്വാറൻ്റീനിലിരിക്കുന്ന ആളുകളടക്കം ദുരിതത്തിലായി. നിലവിൽ കോളനി നിവാസികളെ മാറ്റി പാർപ്പിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. മറ്റുള്ളവരെ മാറ്റി പാർപ്പിച്ചിട്ട് മാത്രമേ കൊവിഡ് രോ​ഗികളെ മാറ്റുകയുള്ളു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K