09 May, 2021 08:19:02 AM


റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റു; 7 പേർ അറസ്റ്റിൽ


Arrested Pneumonia Injections Remdesivir


നോയിഡ: കൊവിഡ് ചികിത്സയ്ക്കായി നൽകുന്ന റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ, ഷാരൂഖ് അലി, അസ്‌ഹറുദ്ദീൻ, അബ്ദുൽ റഹ്മാൻ, ധരംവീർ വിശ്വകർമ്മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


3,500 രൂപയോളം വിലയുള്ള ന്യുമോണിയ ഇഞ്ചക്ഷനുകൾ റെംഡെസിവിർ എന്ന വ്യാജേന 40000-45000 രൂപയ്ക്കാണ് ഇവർ വില്പന നടത്തിയിരുന്നത്. പ്രതികളിൽ ചിലർ നഴ്സുമാരും മറ്റു ചിലർ മെഡിക്കൽ റെപ്രസൻ്റേറ്റിവുകളുമാണ്. 9 റെംഡെസിവിർ വയലുകളും 140 വ്യാജ റെംഡെസിവിർ വയലുകളും 2.45 ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.


ഇന്ത്യയിൽ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിൽ തുടരുന്നു. 24 മണിക്കൂറിനിടെ 4,01,078 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേർ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,38,270 ആയി. രാജ്യത്ത് രോഗമുക്തി നിരക്ക് 81.90 ശതമാനത്തിൽ നിൽക്കുമ്പോൾ 17.01 ശതമാനമാണ് ആകെ രോഗബാധിതർ. കർണാടക, തമിഴ്‌നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K