08 May, 2021 01:22:31 PM


കോവിഡ് പ്രതിരോധം: കോലിയും അനുഷ്‌കയും ഒരൊറ്റ ദിവസം ശേഖരിച്ചത് 3.6 കോടി



ദില്ലി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും ശേഖരിച്ചത് 3.6 കോടി രൂപ. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കീറ്റോ വഴിയാണ് ധനശേഖരണം. ഏഴു കോടിയുടെ ഫണ്ടാണ് താരങ്ങൾ ലക്ഷ്യം വച്ചിരുന്നത്. ഇതിലേക്ക് രണ്ടു കോടി ഇരുവരും സംഭാവന ചെയ്തിരുന്നു. ഏഴു ദിവസം കൊണ്ട് ഏഴു കോടിയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ആളുകളുടെ പ്രതികരണത്തില്‍ വികാരാധീനനായിപ്പോകുന്നുവെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു.


സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് താരങ്ങൾ ക്രൗഡ് ഫണ്ടിങ്ങിനെ കുറിച്ച് അറിയിച്ചിരുന്നത്. 'രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും അസാധാരണ സാഹചര്യത്തിലൂടെയാണ് നാം മുമ്പോട്ടു പോകുന്നത്. ഒന്നിച്ചുനിന്ന് പരമാവധി ജീവൻ രക്ഷിക്കുകയാണ് രാജ്യം ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതലുള്ള കാഴ്ചകൾ കണ്ട് ഞാനും അനുഷ്‌കയും സ്തബ്ധരായിരിക്കുകയാണ്. മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാനായി ഞങ്ങൾ സാധ്യമായ രീതിയിൽ ഉണ്ടായിരുന്നു. മറ്റെന്നേതിനേക്കാളും രാജ്യം നമ്മുടെ പിന്തുണ ആഗ്രഹിക്കുന്ന വേളയാണിത്' - കോലി പറഞ്ഞു. ഇരുവരുടെയും സംയുക്ത പ്രസ്താവന ഇവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K