08 May, 2021 11:53:27 AM


അമിതാഭ് ബച്ചന്‍റെയും ട്രംപിന്‍റെയും പേരില്‍ ഇ-പാസ്; പോലീസ് കേസെടുത്തു



ഷിംല: രാജ്യത്ത് മിക്കയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചില സംസ്ഥാനങ്ങളിൽ പുറത്തു നിന്ന് ആളുകൾ പ്രവേശിക്കുന്നതിന് ഇ-പാസ് നിര്‍ബന്ധമാക്കി. ഇതിനിടെയാണ് വ്യാജ ഇ-പാസുകളും വ്യാപകമായത്. ഹിമാചൽ പ്രദേശിൽ ഇത്തരത്തിലെത്തിയ ഒരു ഇ-പാസ് ആണ് പൊലീസിനെ കുഴക്കിയത്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.


ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെയും യു എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും പേരിലാണ് ഇ-പാസ്. രണ്ടു പേരുടെയും പേരിലുള്ള ഇ-പാസ് ഇഷ്യു ചെയ്തിട്ടുണ്ട്. അതേസമയം, രണ്ടു ഇ - പാസുകളും എടുത്തിരിക്കുന്നത് ഒരേ മൊബൈൽ നമ്പറും ഒരേ ആധാർ നമ്പറും ഉപയോഗിച്ചാണ്. കോവിഡ് 19 വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രിൽ 27 മുതൽ സംസ്ഥാനത്തേക്ക് പുറത്തു നിന്ന് പ്രവേശിക്കുന്നതിന് ഹിമാചൽ പ്രദേശ് ഇ-പാസ് നിർബന്ധമാക്കിയിരുന്നു. 


HP-2563825, HP-2563287 എന്നിങ്ങനെ രണ്ട് ഇ-പാസുകളാണ് എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഷിംല ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഹിമാചൽ പ്രദേശ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ നൽകിയ പരാതിയെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഇ-പാസുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. ഇക്കാര്യങ്ങളിൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K