07 May, 2021 08:38:35 PM


ആരും പട്ടിണി കിടക്കില്ല: ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍; സൗജന്യ ഭക്ഷ്യകിറ്റ് ഈ മാസവും

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം; 'ബ്ലേഡ്' പിരിവ് അനുവദിക്കില്ല



തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കും.


ചിലയിടങ്ങളില്‍ ജനകീയ ഹോട്ടലുകളില്‍ വഴി ഭക്ഷണം എത്തിക്കാന്‍ കഴിയും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെയും ലോക്ക്ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും.


അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. അതിഥിത്തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുതെന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിഥിതൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മ്മാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന് അല്ലെങ്കില്‍ കെട്ടിട ഉടമസ്ഥന് ഉണ്ട്. അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി നല്‍കേണ്ടതാണ്. 


വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞ തവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരിയാണ് ഇതിന്‍റെ നോഡല്‍ ഓഫീസര്‍. സാമൂഹ്യമാധ്യമങ്ങളില്‍ കോവിഡിനെ സംബന്ധിച്ച്‌ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച്‌ ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലും അത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.


കോവിഡിനെതിരെ വീട്ടില്‍ തയ്യാറാക്കാവുന്ന മരുന്ന്, ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യം, ലോക് ഡൗണ്‍ സംബന്ധിച്ച തെറ്റായ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത്. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നത് മാത്രമല്ല, അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ചെയ്യുന്ന തെറ്റിന്‍റെ ആഴം മനസിലാക്കാതെയാവും പലരും അവ ഷെയര്‍ ചെയ്യുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബര്‍ഡോമിനും നിര്‍ദ്ദേശം നല്‍കി. 


ചിട്ടിത്തവണ പിരിക്കാനും കടം നല്‍കിയ പണത്തിന്‍റെ മാസത്തവണ വാങ്ങാനുമായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ശനങ്ങള്‍ ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഒഴിവാക്കേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K