07 May, 2021 06:23:52 PM


വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എന്തു ചെയ്യണം?



കോട്ടയം : ശ്വാസംമുട്ടല്‍, അമിതമായ ക്ഷീണം, നിര്‍ത്താതെയുള്ള ചുമ, മൂന്നു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ അറിയിച്ചശേഷം തൊട്ടടുത്ത സി.എഫ്.എല്‍.ടി.സിയിലോ സി.എസ്.എല്‍.ടി.സിയിലോ എത്തണം.


കോട്ടയം ജില്ലയിലെ എല്ലാ ബ്‌ളോക്കുകളിലും മുനിസിപ്പാലിറ്റികളിലും കുറഞ്ഞത് ഓരോ സി.എഫ്.എല്‍.ടി.സിയും  എല്ലാ താലൂക്കുകളിലും കുറഞ്ഞത്  ഒരു എസ്.എല്‍.ടി.സിയും പ്രവർത്തിക്കുന്നുണ്ട്. പരിചരണ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ നില, പൊതു ആരോഗ്യ നില എന്നിവ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ തുടര്‍ ചികിത്സയ്ക്കുവേണ്ട ക്രമീകരണം ഏര്‍പ്പെടുത്തും. 


ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമല്ലാതെ രോഗികള്‍ നേരിട്ട് ആശുപത്രികളിലോ, മറ്റു ആരോഗ്യ കേന്ദ്രങ്ങളിലോ എത്തരുത്. വീട്ടില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്‍റയിനിലുള്ളവര്‍ക്കും  മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ esanjeevaniopd.in എന്ന വെബ്സൈറ്റ് മുഖേനയോ ഇ-സഞ്ജീവനി മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ ഓണ്‍ലൈനില്‍ ഡോക്ടറുടെ സേവനം തേടാവുന്നതാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K