04 May, 2021 03:44:12 PM


ഉറക്കംതൂങ്ങി പ്രസിഡന്‍റിനെ ഇനിയും വേണോ? മുല്ലപ്പള്ളിക്ക് എതിരെ ഹൈബി ഈഡന്‍



കൊച്ചി: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി ഹൈബി ഈഡൻ. ഉറക്കം തൂങ്ങിയായ പ്രസിഡന്‍റിനെ നമുക്ക് ഇനിയും വേണോ എന്നാണ് ഹൈബി ഫേസ് ബുക്കില്‍ കുറിച്ചത്. ഹൈബിയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും കമന്‍റുകളേറെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഉള്‍പ്പെടെ പത്തൊന്‍പത് സീറ്റില്‍ വിജയിക്കുമ്പോഴും മുല്ലപ്പള്ളിയായിരുന്നു പ്രസിഡന്‍റ് എന്ന് ചിലര്‍ ഹൈബിയെ ഓര്‍മിപ്പിച്ചു. നിങ്ങൾക്കിതു പാർട്ടിയിൽ സംസാരിച്ചാൽ പോരെ എന്നാണ് ചിലരുടെ ചോദ്യം. ഒരു കെപിസിസി പ്രസിഡന്‍റില്‍ തീരുമോ, അടിമുടി അഴിച്ചു പണിയണം എന്നും കമന്‍റുകള്‍.


തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം മറ്റാര്‍ക്കും മേല്‍ ചാരാതെ കെപിസിസി അധ്യക്ഷന്‍ തന്നെ ഏറ്റെടുത്തു. കേരളത്തിലെ തോല്‍വിയെ കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയെ ഹൈക്കമാന്‍റ് നിയോഗിച്ചു. ഇതിന് തൊട്ടു പിന്നാലെയാണ് പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നാണ് മുല്ലപ്പള്ളി ഹൈക്കമാന്‍റിനെ അറിയിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോട്ടമായതിനാല്‍ താന്‍ സ്വയം അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തന്നെ അധ്യക്ഷനാക്കിയ ഹൈക്കമാന്‍റിന് തന്നെ ഉചിതമായ നടപടി സ്വീകരിക്കാമെന്നും നേതൃത്വത്തെ അറിയിച്ചു.


നേതൃത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ പരസ്യമായി രംഗത്ത് വരുന്നതും തുടരുകയാണ്. സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി. പാര്‍ട്ടിയില്‍ അഴിച്ചു പണി വേഗത്തില്‍ വേണമെന്നാണ് എ ഗ്രൂപ്പിന്‍റെ ആവശ്യം. കെസി ജോസഫടക്കമുള്ള പ്രമുഖര്‍ തന്നെ ഇത് പരസ്യമായ ഉന്നയിച്ചു കഴിഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K