04 May, 2021 08:02:26 AM


കോണ്‍ഗ്രസ് പുകയുന്നു: ചെന്നിത്തലയും മുല്ലപ്പള്ളിയും ഒഴിഞ്ഞേക്കും; പകരം തിരുവഞ്ചൂരും സുധാകരനും?



തിരുവനന്തപുരം: യു.ഡി.എഫിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷനേതൃസ്ഥാനവും മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും അധികം വൈകാതെ ഒഴിഞ്ഞേക്കും. 2016ലെ പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാതിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അതേപാത പിന്തുടരാനുള്ള ഒരുക്കത്തിലാണ് ചെന്നിത്തല.


പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിര്‍ന്ന നേതാക്കളില്‍ ചിലരോട് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ ജയത്തിന്റെയും തോല്‍വിയുടെയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചെന്നിത്തല നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ചെന്നിത്തല ഒഴിഞ്ഞാല്‍ പ്രതിപക്ഷനേതാവാകാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി സതീശനും നീക്കം തുടങ്ങിയിട്ടുമുണ്ട്. ഇതിനിടയില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ വരണമെന്ന ആവശ്യം വീണ്ടും ശക്തമായി.


പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവെന്ന നിലയില്‍ തിരുവഞ്ചൂരിനാണ് മുന്‍തൂക്കം. കെ. സുധാകരനുമായി ഇന്നലെ തിരുവഞ്ചൂര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാവണമെന്ന് തിരുവഞ്ചൂര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, പാര്‍ട്ടിയിലും നിയമസഭകക്ഷിയിലും നേതൃനേതൃമാറ്റമുണ്ടായാല്‍ രണ്ടിലൊരു സ്ഥാനം ലക്ഷ്യമിട്ടാണ് സതീശന്റെ നീക്കം. 


ആലപ്പുഴ ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം എം. ലിജു രാജിവച്ചു. ചെന്നിത്തല അടക്കമുളള നേതാക്കളുമായി ആലോചിച്ചാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ലിജു വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാന്‍ തോറ്റതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ലിജു രാജിസന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം വേണ്ടെന്നു പറഞ്ഞതോടെ അദ്ദേഹം അന്ന് തീരുമാനം മാറ്റുകയായിരുന്നു.


കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും രാജിസന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ആലപ്പുഴ ഡി.സി.സി അധ്യക്ഷന്‍ എം. ലിജു രാജിവച്ച സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് സതീശന്‍ പാച്ചേനി രാജിസന്നദ്ധത അറിയിച്ചത്. ഡി.സി.സി ഓഫിസ് നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ തല്‍സ്ഥാനത്ത് തുടരാന്‍ മുല്ലപ്പള്ളി പാച്ചേനിയോടു നിര്‍ദേശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K