03 May, 2021 01:23:22 PM


'കുലംകുത്തി': ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണവുമായി ബിജെപി അനുകൂലികള്‍



തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ ഒരേയൊരു അക്കൗണ്ടും പൂട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ ഒ രാജഗോപാലിനെതിരെ പടയൊരുക്കം. നേമത്ത് കുമ്മനം രാജശേഖരന്‍റെ തോല്‍വിക്ക് കാരണം എംഎല്‍എ ആയിരുന്ന ഒ രാജഗോപാലാണെന്നാണ് ബിജെപി അനുകൂലികളുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം രാജഗോപാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച കുറിപ്പിനുതാഴെയാണ് ബിജെപി അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടത്. 


"ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മതിദായർക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും"- എന്നായിരുന്നു ഒ രാജഗോപാലിന്‍റെ ഫേസ് ബുക്ക് കുറിപ്പ്. 


കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇദ്ദേഹമാണ് ആ പേരിന് ഏറ്റവും അനുയോജ്യൻ- "കുലംകുത്തി" എന്നാണ് ഒരാളുടെ പ്രതികരണം. 'താങ്കൾ വിലയിരുത്തുന്നത് എകെജി സെന്ററിൽ പോയിരുന്നോ അതോ ഇന്ദിരാഭവനിൽ പോയിരുന്നോ' എന്നാണ് മറ്റൊരാളുടെ ചോദ്യം. 'ഒന്നും വേണ്ടേ കിട്ടുന്ന പെൻഷനും വാങ്ങി ഒരു മൂലയിൽ ഇരുന്ന് തന്നാൽ മാത്രം മതി' എന്നാണ് വേറെ ഒരാളുടെ മറുപടി.


'നേമത്ത് മാത്രം അല്ല കേരളത്തിൽ ബിജെപിയുടെ പരാജയത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ താൻ ആണ് പരട്ട കിളവൻ, തന്റെ പിണറായി സ്തുതി കേട്ടപ്പോ ജനം കരുതി എന്തിനാ ബിജെപിക്ക് കുത്തുന്നതെന്ന്. തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടൽകിഴവാ നിർത്തി വീട്ടിൽ ഇരിക്ക്' എന്നെല്ലാം എല്ലാ മര്യാദകളും ലംഘിട്ടുകൊണ്ടുള്ള പ്രതികരണങ്ങള്‍ പോസ്റ്റിന് താഴെയുണ്ട്. അതിനിടെ ചില രസകരമായ കമന്‍റുകളുമുണ്ട്. ഏതോ കുടുംബ വഴക്കാണെന്നാണ് ഒരാളുടെ കമന്‍റ്. മിത്രങ്ങളേ ഇത് നേമത്തെ മുൻ ബിജെപി എം എൽഎയുടെ പോസ്റ്റാണ്, ഏതേലും കമ്മിയുടേതല്ല എന്നാണ് മറ്റൊരു പ്രതികരണം.


നേമത്തെ എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല എന്നാണ് ഒ രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. നേമത്തെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തോറ്റു. പിന്നാലെയാണ് ബിജെപി അനുകൂലികള്‍ രാജഗോപാലിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K