30 April, 2021 06:03:09 PM


ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കും; മെയ് 4 മുതൽ നിയന്ത്രണങ്ങൾ കർക്കശമാക്കും



തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം കൂടുതലായ ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കൊവിഡ് ബാധ വളരെ രൂക്ഷമാണ്. രോഗം വല്ലാതെ വർധിക്കുന്ന ജില്ലകൾ പൂർണമായും ലോക്ക്ഡൗൺ ചെയ്യാനാണ് ആലോചന. നാലാം തിയതി മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുമെന്നും ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. 


"സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നും പാഴ്സൽ മാത്രമേ നൽകാവൂ. ഹോം ഡെലിവറിയാണ് അനുവദിക്കുക. ഡെലിവറി നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്യുന്നത് ആലോചിച്ചിട്ടുണ്ട്. ബാങ്കിംഗ് സേവനം നിലവില്‍ രണ്ട് മണിവരെയാണ്. പരമാവധി ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണം."- മുഖ്യമന്ത്രി പറഞ്ഞു.


"സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാവില്ല. ഓക്സിജനും ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെയും നീക്കം തടസമില്ലാതെ അനുവദിക്കും. ടെലികോം, ഇൻ്റർനെറ്റ് സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. ബാങ്കുകൾ കഴിവതും ഓൺലൈൻ ഇടപാടുകൾ നടത്തണം.'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 


കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള‌ളവര്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥല സൗകര്യമുള‌ള ക്ഷേത്രങ്ങളിലാണ്. ചെറിയവയില്‍ അതിനനുസരിച്ച്‌ നിയന്ത്രണം വേണം. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കയാണ്. തിരഞ്ഞെടുപ്പിന്റെ വിജയാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവ‌ര്‍ക്കും തയ്യാറാക്കുന്നവര്‍ക്കും എതിരെ നടപടിയെടുക്കും. ഇപ്പോള്‍ ഡബിള്‍ മാസ്‌ക് സംവിധാനം പ്രധാനമാണ്. ഡബിള്‍ മാസ്‌ക് എന്നാല്‍ സര്‍ജിക്കല്‍ മാസ്‌കും തുണി മാസ്‌കും ചേര്‍ന്നതാകണം. അനാവശ്യമായ ഭീതിയ്‌ക്ക് വശംവദരാകാത്ത സമൂഹം എന്ന നിലപാട് ജനം സ്വീകരിക്കണം. 


തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വയം ലോക്‌ഡൗണ്‍ പ്രഖ്യാപിക്കരുത്. ദേശീയ ദുരന്ത നിവാരണ അതോറി‌റ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറി‌റ്റി, ചീഫ് സെക്രട്ടറി, ജില്ലാ കളക്‌ട‌ര്‍ എന്നിവര്‍ക്കേ അതിന് കഴിയൂ. ഇക്കാര്യം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിയന്ത്രിക്കണം. പത്തനംതിട്ട ജില്ലയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചു. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അക്കാര്യം സ്വമേധയാ അധികൃതരോട് പറയണം. അതിന് ബുദ്ധിമുട്ടുള‌ളവര്‍ 112 എന്ന നമ്ബരിലോ അടുത്ത പൊലീസ് സ്‌റ്രേഷനിലോ വിളിച്ചറിയിക്കുക.


കര്‍ശന നിയന്ത്രണങ്ങളുള‌ള ശനി, ഞായര്‍ ദിവസങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി കുറയ്‌ക്കണം. മാര്‍ക്കറ്റിലെ കടകള്‍ നിശ്ചിത സമയത്ത് അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്ക‌റ്റ് കമ്മി‌റ്റികള്‍ ഉറപ്പാക്കണം. ഇക്കാര്യം പൊലീസ് ഉറപ്പാക്കണം. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്രചെയ്യുന്നതാണ് ഉചിതം. ഒരേ കുടുംബാംഗമെങ്കില്‍ മാസ്‌ക് ധരിച്ച്‌ യാത്ര ചെയ്യാം. സംസ്ഥാന തലത്തില്‍ ഓക്‌സിജന്‍ വാര്‍റൂം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K