27 April, 2021 07:15:15 PM


'എൻ 95 മാസ്ക്ക് തന്നെ ധരിക്കുക; അല്ലെങ്കിൽ ഡബിൾ മാസ്ക്കിങ് ശീലമാക്കുക' - മുഖ്യമന്ത്രി

 

Covid 19 | 'കഴിയുമെങ്കിൽ എൻ95 മാസ്ക്ക് തന്നെ ധരിക്കുക, അല്ലെങ്കിൽ ഡബിൾ മാസ്ക്കിങ് ശീലമാക്കുക': മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗ വ്യാപനം മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ഇതുവരെ പിന്തുടർന്ന രോഗപ്രതിരോധമാർഗങ്ങൾ ശക്തമാക്കേണ്ടതുണ്ട് എന്നത് ആവർത്തിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചിയാക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാസ്‌കുകൾ കൃത്യമായി ധരിക്കുക എന്നതാണ്. പറ്റുകയാണെങ്കിൽ എൻ 95 മാസ്‌കുകൾ തന്നെ ധരിക്കുക. അല്ലെങ്കിൽ ഇന്നലെ പറഞ്ഞതു പോലെ ഡബിൾ മാസ്‌കിങ്ങ് ശീലമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.


ജനിതക വ്യതിയാനം ബാധിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വന്ന വിവരങ്ങൾ ഗൗരവത്തിൽ കാണുകയാണ്. കേരളത്തിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന മൂന്നു വൈറസുകളെക്കുറിച്ച് നടത്തിയിട്ടുള്ളറിസ്‌ക് അസെസ്‌മെന്റ് പഠനം രോഗവ്യാപന വേഗത, മരണ സാധ്യത, വാക്‌സിനുകളെ മറികടക്കാനുള്ള കഴിവ് എന്നീമൂന്നു കാര്യങ്ങളാണ് വിലയിരുത്തുന്നത്. അതനുസരിച്ച് രോഗവ്യാപന വേഗത അവ കൂടുതൽ തീവ്രമാക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


മാസ്‌കുകൾ ധരിക്കുന്നതിൽ കർശനമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അടച്ചിട്ടസ്ഥലങ്ങളിലെ സമ്പർക്കം ഒഴിവാക്കുക എന്നതും ആൾക്കൂട്ടമൊഴിവാക്കുക എന്നതും നിർബന്ധമാണ്. ഇതെല്ലാം വീണ്ടും വീണ്ടും പറയുന്നത്, നിലവിലെ സാഹചര്യത്തിൽ നമ്മുടെ സമൂഹത്തിന്റെ അതിജീവനം ഈ മുൻകരുതലുകളെ അത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മ്യൂട്ടേഷൻ വന്ന വൈറസുകൾ മരണ നിരക്കുയർത്തുമോ എന്നതാണ് രണ്ടാമത്തെ കാര്യം. രോഗവ്യാപനം കൂടുന്നതിനു ആനുപാതികമായിമരണസംഖ്യയും ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലുമധികമായി രോഗികളുടെ എണ്ണമുയരുകയാണെങ്കിൽ കൃത്യമായ ചികിത്സയും പരിചരണവും നൽകാൻ സാധിക്കാതെ പോവുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


വാക്‌സിനുകൾ ഈ വൈറസുകളിൽ ഫലപ്രദമാണോ എന്നതാണ് മൂന്നാമത്തെ കാര്യം. ജനിതകവ്യതിയാനം വന്ന വൈറസുകൾക്കെതിരെ പ്രതിരോധശക്തി നൽകാൻ വാക്‌സിനുകൾക്കാകില്ല എന്ന പ്രചാരണം നടക്കുന്നുണ്ട്. അതു ശരിയല്ല. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടന്റ് വേരിയന്റിനു മാത്രമാണ് വാക്‌സിനുകളെ മറികടക്കാൻ അല്പമെങ്കിലും ശേഷിയുള്ളതായി കണ്ടെത്തിയത്. മറ്റുള്ളവയെ സംബന്ധിച്ചിടത്തോളം വാക്‌സിനുകൾ ഫലപ്രദമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് പരമാവധി ആളുകൾ വാക്‌സിനേറ്റ് ചെയ്യപ്പെടുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാക്‌സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തതിനുശേഷം സ്‌ളോട്ട് ലഭിക്കുന്നില്ല എന്ന പ്രശ്‌നം നേരിടുന്നതായിവാർത്തകൾ വരുന്നു. വാക്‌സിന്റെ ദൗർലഭ്യമാണ് അതിന്റെ കാരണം. ഇപ്പോൾ നമ്മുടെ കയ്യിൽ 3, 68,840 ഡോസ് വാക്‌സിൻ മാത്രമാണ് ഉള്ളത്. ഈ സാഹചര്യം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്‌സിൻ പോളിസി കേന്ദ്രം നടപ്പിലാക്കുന്നതിനു മുൻപ് തന്നെ നമ്മൾ അതാവശ്യപ്പെടുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K