27 April, 2021 01:14:32 AM


കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: പാലക്കാട് 484 അംഗ പോലീസ് സംഘം സജ്ജം


പാലക്കാട്‌ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ സജ്ജമായിരിക്കുന്നത് 484 പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആറ് ഡി.വൈ.എസ്.പി.മാര്‍, 11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 30 എസ്.ഐമാര്‍, 99 എ.എസ്.ഐ.മാര്‍, 337 പോലീസുകാര്‍ ഉള്‍പ്പെടെ 484 അംഗ സംഘത്തെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നിയോഗിച്ചിട്ടുള്ളത്.

ജില്ലയിലെ 35 സ്റ്റേഷന്‍ പരിധികളിലായാണ് ഇത്രയും പോലീസുകാരെ നിയോഗിച്ചിട്ടുള്ളത്. അന്തര്‍സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ ഉള്‍പ്പെടെ 11 ചെക്ക് പോസ്റ്റുകള്‍, പ്രധാന നഗരങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, വാക്‌സിന്‍ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

പൊതുവിടങ്ങളില്‍ ജനങ്ങള്‍ ചുറ്റിത്തിരിയുന്നത് ഒഴിവാക്കുക, ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപാര സ്ഥാപനങ്ങളിലും മറ്റും ശാരീരിക അകലവും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗവും ഉറപ്പുവരുത്തുക, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയ്ക്കാണ് പോലീസ് പ്രാധാന്യം നല്‍കുന്നത്. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗും ഊര്‍ജിതമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രാത്രി 7.30ന് ശേഷവും തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചുവരുന്നു. ബോധവത്ക്കരണത്തിന്റെ ഭാഗമായി ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് വിവിധയിടങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K