26 April, 2021 03:08:57 PM


കൊടകര കുഴൽപ്പണ കവർച്ച കേസ്: ഒൻപത് പേർ കസ്റ്റഡിയിൽ; രാഷ്ട്രീയബന്ധം അന്വേഷിക്കുന്നു



ചാലക്കുടി: കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത സംഘത്തിലെ ഒൻപത് പേർ കസ്റ്റഡിയിൽ. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ് പിടിയിലായത്.  പ്രതികളെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. മൂന്ന് പ്രധാന പ്രതികൾ ഒളിവിലാണ്. കേസിലെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും റൂറൽ എസ്.പി ജി. പൂങ്കുഴലി വ്യക്തമാക്കി.


കഴിഞ്ഞ മൂന്നാം തീയതിയാണ് കൊടകരയ്ക്ക് സമീപം വച്ച് വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിയത്. ഇതിനുശേഷം എറണാകുളത്തേക്കാണ് സംഘം കടന്നത്. പിടിയിലായവർ നേരത്തെ സമാന കേസുകളിൽ ഉൾപ്പെട്ടവരാണ്. ഗൂഢാലോചനയടക്കം അന്വേഷിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.


പാലിയേക്കര ടോൾ പ്ലാസയിലൂടെ കുഴൽപ്പണം കടത്തിയ കാറിനെ രണ്ട് കാറുകൾ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുഴൽപ്പണം കടത്തിയിരുന്ന സംഘം തങ്ങിയ തൃശൂർ എം.ജി റോഡിലെ ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. ഭൂമി ഇടപാടിനായി കൊണ്ടുപോയിരുന്ന 25 ലക്ഷം രൂപ തട്ടിയെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. എന്നാൽ മൂന്നരക്കോടിയിലേറെ രൂപ കാറിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K