25 April, 2021 01:46:36 PM


ജനം തിങ്ങിപാര്‍ക്കുന്ന ഇടങ്ങളിൽ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റും




തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളില്‍ കോവിഡ് രോഗിയെ ആശുപത്രിയിലോ സിഎഫ്എല്‍ടിസിയിലോ പ്രവേശിപ്പിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെമാര്‍ഗനിര്‍ദേശം. രോഗികളുടെ കുടുംബാംഗങ്ങളെ കര്‍ശനമായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിർദ്ദേശമുണ്ട്. പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും പഞ്ചായത്ത് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഡയറക്ടര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.


പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികള്‍ക്കാണ് നിയന്ത്രണങ്ങളും നടപടികളും നടപ്പാക്കുന്നതിനുള്ള ചുമതല. അതിനാല്‍ അടിയന്തരമായി ഈ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്. ഒരു പ്രദേശത്ത് കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കൂടുതലാണെങ്കില്‍ കണ്ടെ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് നടപടികള്‍ സ്വീകരിക്കണം. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും മറ്റു ഒത്തുചേരലുകളിലും അനുവദിക്കപ്പെട്ട എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം.


മാളുകള്‍, സിനിമ തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ചന്തകള്‍ എന്നിവിടങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കുക. അതിഥിത്തൊഴിലാളികളെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കാന്‍ പഞ്ചായത്ത്, വാര്‍ഡ്തല കമ്മിറ്റികള്‍ സ്വീകരിക്കണം. ലേബര്‍ ക്യാമ്പുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ അവിടം ക്ളസ്റ്ററുകളായി തിരിച്ച് കര്‍ശന നിരീക്ഷണവും ബോധവത്ക്കരണവും നടത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശേഖരിച്ച് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പഞ്ചായത്തുകള്‍ അപ്ലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത പഞ്ചായത്തു സെക്രട്ടറിമാര്‍ ഉറപ്പാക്കണം.


രോഗവ്യാപനം കൂടുതലള്ള പ്രദേശങ്ങളില്‍ ജിയോമാപ്പിങ് നടത്തണം. വയോജനങ്ങള്‍, സാന്ത്വന ചികിത്സയിലുള്ളവര്‍, ജീവിതശൈലീ രോഗങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, തീരദേശവാസികള്‍, ചേരിപ്രദേശങ്ങളില്‍ കഴിയുന്നവര്‍, കെയര്‍ ഹോമിലെ അന്തേവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അതിഥിത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ മുന്‍ഗണന. ഇവര്‍ക്കു കോവിഡ് ടെസ്റ്റ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K