22 April, 2021 12:54:59 AM


ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി



മസ്കറ്റ്: കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുളള യാത്രക്കാർക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. ഇന്ന് ചേർന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് ഒമാൻ നിയന്ത്രണങ്ങൾ കർശനമാക്കിയത്.


ഒമാനിലെ കൊവിഡ് നിയന്ത്രണത്തിന്റെ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. പുതിയ തീരുമാനപ്രകാരം ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് ആറുമണിമുതൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കാനാവില്ല. 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ച ആളുകൾക്കും വിലക്ക് ബാധകമായിരിക്കും. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുമെന്നും അധികൃതർ അറിയിച്ചു .


അതേസമയം ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, അവരുടെ കുടുംബം എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കഴിഞ്ഞ ആഴ്ച ന്യൂഡൽഹിയിലെ ഒമാൻ എംബസി ഒമാനി പൗരന്മാർക്ക് നിർദേശം നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K