21 April, 2021 04:56:50 PM


കോവിഡിനിടെ 'നിറവയറു'മായി പൊലീസ് ഉദ്യോഗസ്ഥയുടെ വാഹന പരിശോധന



റായ്പൂര്‍: ഛത്തീസ്ഗഡില്‍ ജനങ്ങള്‍ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വാഹന പരിശോധന നടത്തുന്ന ഗര്‍ഭിണിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്‍റിന്‍റെ വീഡിയോ വൈറലാകുന്നു. ചുട്ടു പൊള്ളുന്ന വെയിലില്‍ നിന്നാണ് ഗര്‍ഭിണിയായ ഡിഎസ്പി ശില്‍പ സാഹു വാഹനങ്ങള്‍ പരിശോധിക്കുന്നത്. മാസ്ക് ധരിച്ച്‌ കൈയില്‍ ലാത്തിയുമായി നില്‍ക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ഇതിനകം നിരവധി പേര്‍ ഷെയര്‍ ചെയ്തു.


ഡി‌എസ്‌പി സാഹുവിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി. കോവിഡ് രണ്ടാം തരംഗത്തിനിടയിലും മുന്‍‌നിര പ്രതിരോധ പ്രവര്‍ത്തകരുടെ അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനത്തെ നിരവധി പേര്‍ പ്രശംസിച്ചു. ഛത്തീസ്ഗ‍ഡിലെ ബസ്താര്‍ ഡിവിഷനിലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശത്താണ് ശില്‍പയെ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഗര്‍ഭിണിയാണെങ്കിലും കത്തുന്ന വെയിലില്‍ ദന്തേവാഡ ഡി‌എസ്‌പി ശില്‍‌പ സാഹു തന്റെ ടീമിനൊപ്പം തിരക്കിലാണ്. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരാന്‍ ആളുകള്‍ക്ക് ഇവര്‍ നിര്‍ദ്ദേശം നല്‍കുന്നതും കാണാം. ഗതാഗത കമ്മീഷണര്‍ ദീപാന്‍ഷു കാബ്രയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റൊരു ട്വീറ്റില്‍, കൊറോണ മഹാമാരിയില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും കാബ്ര ആളുകളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.


കൊറോണ അണുബാധയുടെ രണ്ടാം തരംഗത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ പോലീസ് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങള്‍ ഓരോരുത്തരും ഉത്തരവാദിത്തമുള്ള ഒരു പൗരന്‍റെ പങ്ക് വഹിക്കണമെന്നും ലോക്ക്ഡൌണ്‍ സമയത്ത് വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്നും കാബ്ര പറഞ്ഞു. ഓണ്‍ലൈനില്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ചിലര്‍ പോലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ചപ്പോള്‍ മറ്റുള്ളവര്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K