16 April, 2021 04:05:24 PM


കോവിഡ് വാക്സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ



പാലക്കാട്: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് www.cowin.gov.in  എന്ന വൈബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോവിന്‍ വൈബ്സൈറ്റില്‍ കയറിയ ശേഷം 'Register/ Sign in yourself'  എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഒ.ടി.പി നമ്പര്‍ ലഭിക്കുന്നതിന് ഫോണ്‍ നമ്പര്‍ നല്‍കുക. ശേഷം നല്‍കിയ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നല്‍കുക. തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ ഐ.ഡി പ്രൂഫ്, ഐ.ഡി പ്രൂഫ് നമ്പര്‍, പേര്, ജെന്‍ഡര്‍, ജനനവര്‍ഷം എന്നീ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും.


രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് വാക്സിനേഷന്‍ നടക്കുന്ന അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കി വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പെന്‍ഷന്‍ പാസ്ബുക്ക്, എന്‍.പി.ആര്‍ സ്മാര്‍ട്ട് കാര്‍ഡ്, വോട്ടര്‍ ഐ.ഡി എന്നീ ഐ.ഡി പ്രൂഫുകള്‍ രജിസ്ട്രേഷനായി ഉപയോഗിക്കാം. വാക്സിനേഷന്‍ ദിവസം ഏതെങ്കിലും ഐ.ഡി പ്രൂഫ് കയ്യില്‍ കരുതണം. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞവര്‍ക്ക് ഇതേ ആപ്പിലൂടെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.   

                                                                                                            
അസുഖബാധിതര്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് നിര്‍ബന്ധമായും അവരെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വാക്സിന്‍ സ്വീകരിക്കുക. നിലവില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കി വരുന്നത്. കൂടാതെ ഫ്രണ്ട്ലൈന്‍ വര്‍ക്കര്‍മാര്‍ക്കും (എഫ്.എല്‍.ഡബ്ല്യൂ) ആരോഗ്യപ്രവര്‍ത്തകര്‍ക്കും(എച്ച്.സി.ഡബ്ല്യൂ) സ്ഥാപനത്തിലെ മേലധികാരി സാക്ഷ്യപ്പെടുത്തിയ രേഖ സഹിതം വാക്സിന്‍ സ്വീകരിക്കാനാകും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൂടാതെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാമെങ്കിലും തിരക്ക് ഒഴിവാക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്ത ശേഷം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നതായിരിക്കും അഭികാമ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K