14 April, 2021 04:29:05 PM


മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂർണമായി കടലില്‍ താഴ്ന്നു; കണ്ടെത്താനുള്ളത് 9 പേരെ



മംഗലാപുരം: മംഗലാപുരത്ത് വിദേശ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ തകർന്ന ബോട്ട് ഇപ്പോള്‍ പൂർണമായും കടലിനിടയിലേക്ക് താഴ്ന്നു. ബോട്ട് കടലില്‍ താഴ്ന്ന സാഹചര്യത്തില്‍ തെരച്ചില്‍ ദുഷ്കരമാണെന്ന് കോസ്റ്റല്‍ പൊലീസ്. ബോട്ടിലെ സ്രാങ്ക് തമിഴ്നാട് സ്വദേശി അലക്സാണ്ടർ, അദ്ദേഹത്തിന്‍റെ ബന്ധു, ബംഗാള്‍ സ്വദേശി മണിക്ദാസ് എന്നിവരാണ് മരണപ്പെട്ടത്. തമിഴ് നാട് സ്വദേശി വേല്‍മുരുഗന്‍, ബംഗാള്‍ സ്വദേശി സുനില്‍ ദാസ് എന്നിവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. 


രക്ഷപ്പെട്ടവരെയും ലഭിച്ച മൃതദേഹങ്ങളും ഇന്ന് കേരള ഫിഷറീസ് വകുപ്പ് ഏറ്റെടുക്കും. ഇന്നലെ കോസ്റ്റ് ഗാർഡും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് രണ്ടുപേരെ രക്ഷപ്പെടുത്തിയതും മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതും. കാണാതായവരില്‍ 5 പേർ ബംഗാള്‍ സ്വദേശികളും 4 പേർ തമിഴ്നാട് സ്വദേശികളുമാണ്. കാണാതായവർക്കായി കോസ്റ്റ് ഗാർഡും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K