23 March, 2021 07:11:56 PM


ലൈഫ് മിഷനോ കിഫ്ബിയൊ പിരിച്ച് വിടാൻ യുഡിഎഫിന് കഴിയില്ല - കെ.കെ ശൈലജ



കോട്ടയം : സംസ്ഥാനത്ത് ലൈഫ് മിഷനോ കിഫ് ബിയൊ പിരിച്ച് വിടാൻ യുഡിഎഫിന് കഴിയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇടത്പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ തുടർ ഭരണം ഉണ്ടാകുമെന്ന് ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് എൽ.ഡി.എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നും ശൈലജ പറഞ്ഞു. ഗാന്ധിനഗറില്‍ ഇടതുസ്ഥാനാര്‍ത്ഥി വി.എന്‍.വാസവന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


ഇത് വെറുതെ സംഭവിച്ചതല്ല. ഒരു ഹെഡ്മാസ്റ്ററെ പോലെ ഓരോ മാസവും മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ മോണിട്ടർ ചെയ്തതിന്റെ ഫലമാണിത്. ഓരോ വകുപ്പിലും പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ എവിടെ വരെ എത്തി എന്ന് പരിശോധിക്കുന്ന സംവിധാനം വന്നപ്പോൾ അത് വാശിയോടെ പൂർത്തീകരിക്കുകയായിരുന്നു ഓരോരുത്തരും. ആരോഗ്യമേഖലയിൽ കോടികളുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടന്നത്. 


കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ 564 കോടിയുടെ പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ നടക്കുക. കടക്കെണിയിലാക്കും കിഫ്ബി എന്നാണ് യുഡിഎഫിന്റെ വാദം. എന്നാൽ ഒരു കാര്യം ഉറപ്പ് പറയാൻ കഴിയും. കേരളത്തിലെ ഒരാൾക്കും ഒരു രൂപയുടെ കട ബാധ്യതപോലും കിഫ് ബി മൂലം ഉണ്ടാവില്ല, കിഫ് ബിയെ അധിക്ഷേപിക്കുന്നവർ നാടിന്‍റെ വികസനത്തെയാണ് തകർക്കുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞു.


തകർന്ന് കൊണ്ടിരിക്കുന്ന യുഡിഎഫിനെ സഹായിക്കുവാൻ ചില മാധ്യമങ്ങൾ സർവ്വേകളുമായി ഇറങ്ങിയിട്ടുണ്ട്. എന്ത് സർവ്വേ വന്നാലും കേരളത്തിലെ ജനങ്ങൾക്ക് സർക്കാരിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായി അറിയാം. നാട്ടിലെ ജനങ്ങൾക്ക് കൊവിഡ് കാലത്ത് എന്ത് ചെയ്ത് കൊടുത്തുവെന്നും കേരളീയ സമൂഹത്തിന് നന്നായി അറിയാമെന്നും ശൈലജ ടീച്ചർ പറഞ്ഞു. വലിയ ദുരന്തങ്ങളെയും  മഹാമാരിയെയും കൂട്ടായ്മയോടെ കേരളത്തിലെ ജനങ്ങൾ നേരിടുമ്പോഴും പ്രതിപക്ഷം നമ്മളെ കടന്നാക്രമിക്കുകയായിരുന്നുവെന്നും കെ. കെ ഷൈലജ കുറ്റപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K