23 March, 2021 06:48:05 PM


ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്കെതിരെ പരാതി; അയോഗ്യനാക്കണമെന്ന് ആവശ്യം



ആലപ്പുഴ: ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. വര്‍ഗീയതയും ഇതര മതങ്ങള്‍ക്കെതിരെ വിദ്വേഷവും പ്രചരിപ്പിച്ച് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതി. എസ്ഡിപിഐ ജില്ലാ പ്രസിഡന്‍റും അമ്പലപ്പുഴ സ്ഥാനാര്‍ഥിയുമായ എംഎം താഹിറാണ് പരാതിക്കാരന്‍.


ഹിന്ദു പെണ്‍കുട്ടികളെ സിറിയയിലേക്ക് കടത്തുന്നു എന്നും തീവ്രവാദികളുടെ ഭാര്യമാരാക്കുകയാണെന്നും സന്ദീപ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു കയര്‍ ഫാക്ടറിയില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഇത്തരത്തില്‍ പറയുന്നത്. ഹിന്ദുപെണ്‍കുട്ടികളെ സംരക്ഷിക്കണം. ഇതിനു വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്യുന്നില്ല. ഇക്കാര്യം അവരോട് പറയുമ്പോള്‍ മതേതരത്വം തകരുമെന്നാണ് മറുപടി എന്നും ഇത്തവണ ആലോചിച്ച് വോട്ട് ചെയ്യണമെന്നും സന്ദീപ് വചസ്പതി പറയുന്നു.


വീഡിയോ പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി എത്തിയത്. സന്ദീപ് വചസ്പതിയെ തിരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. മതസ്പര്‍ദ്ധ വളര്‍ത്തിയ സന്ദീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങിലെ ബിജെപി സ്ഥാനാര്‍ഥികളുടെയും ദേവികുളത്തെ എഐഎഡിഎംകെയുടെ സ്ഥാനാര്‍ഥിയുടെയും പത്രികയാണ് തള്ളിയത്. തൊട്ടുപിന്നാലെയാണ് മറ്റൊരു ബിജെപി സ്ഥാനാര്‍ഥിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി വന്നിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K