18 March, 2021 08:17:30 AM


കോൺഗ്രസും മുസ്ലിംലീഗുമായി ബിജെപി ധാരണയുണ്ടാക്കി; വോട്ട് മറിച്ചത് കമ്യൂണിസ്റ്റുകാരെ തോൽപ്പിക്കാൻ - രാജഗോപാൽ



തിരുവനന്തപുരം: കമ്യൂണിസ്‌റ്റുകാരെ തോൽപ്പിക്കാൻ  ബിജെപി കോൺഗ്രസിന്‌ വോട്ട്‌മറിച്ചിട്ടുണ്ടെന്ന്‌ മുതിർന്ന നേതാവ്‌ ഒ രാജഗോപാൽ. കേരളത്തിൽ ബിജെപിയുടെ മുഖ്യഎതിരാളി സിപിഐ എം ആണ്‌. എൽഡിഎഫിനെതിരെ കോൺഗ്രസ്‌–ലീഗ്‌–ബിജെപി സഖ്യം മുമ്പ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ തുറന്നടിച്ച അദ്ദേഹം  നേതൃത്വത്തിന്റെ അനുമതിയോടെ ഉണ്ടാക്കിയ  സഖ്യം ബിജെപിക്ക്‌ നേട്ടമായെന്നും  സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സിപിഐ എമ്മും ബിജെപിയും തമ്മിൽ 'ഡീൽ'  ഉണ്ടെന്ന ആർ ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണ്‌. ആരോ പറയുന്നത്‌ ബാലശങ്കർ ഏറ്റുപറയുകയാണെന്നും ഒ രാജഗോപാൽ പറഞ്ഞു.

കോൺഗ്രസുമായും മുസ്ലിംലീഗുമായും മുമ്പ്‌ പ്രാദേശിക തലത്തിലാണ്‌ ബിജെപി ധാരണയുണ്ടാക്കിയത്‌. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടു കൂടാൻ ഇത്‌ കാരണമായി.  'ഏതായാലും ജയിക്കാൻ പോണില്ല, എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നത്‌. കമ്യൂണിസ്‌റ്റുകാരെ തോൽപ്പിക്കണം. എന്ന്‌ പറഞ്ഞ്‌ വോട്ട്‌ ചെയ്‌ത ഒരു കാലഘട്ടമുണ്ടായിരുന്നു. അതു പഴയകാലം. ഇപ്പോൾ ബിജെപി വളർന്നു.' ഒ രാജഗോപാൽ പറഞ്ഞു. കോൺഗ്രസുമായി വടക്കൻ കേരളത്തിലായിരുന്നു സഖ്യം കൂടുതലും. പ്രായോഗിക രാഷ്‌ട്രീയത്തിൽ അഡ്‌ജസ്‌റ്റ്‌മെന്റ്‌ വേണ്ടിവരും. ഇത്‌ നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട്‌ പറയേണ്ടതില്ല. ചെങ്ങന്നൂരിൽ തനിക്ക്‌ സീറ്റ്‌ നിഷേധിച്ചതിന്‌ പിന്നിൽ സിപിഐ എം, ബിജെപി ഡീൽ ആണെന്ന ആർ ബാലശങ്കറിന്റെ ആരോപണം ഒ രാജഗോപാൽ പൂർണമായും തള്ളി.
 
1991 ലെ തെരഞ്ഞെടുപ്പിലാണ്‌ കോൺഗ്രസ്‌–ലീഗ്‌–ബിജെപി സഖ്യം അരങ്ങേറിയത്‌. സിപിഐ എം അന്ന്‌ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും കോൺഗ്രസ്‌, ബിജെപി നേതൃത്വം നിഷേധിച്ചു. കേരളത്തിലെ ഏറ്റവും മുതിർന്ന ബിജെപി നേതാവ്‌ ഒ രാജഗോപാൽ ഇക്കാര്യം വർഷങ്ങൾക്ക്‌ ശേഷം സ്ഥിരീകരിച്ചുവെന്ന്‌ മാത്രമല്ല, അതിന്‌ ശേഷവും വോട്ട്‌ മറിക്കൽ നടത്തി ബിജെപി നേട്ടം കൊയ്‌തുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K