16 March, 2021 09:20:27 PM


കഴക്കൂട്ടത്ത് ആശയക്കുഴപ്പം; അങ്കമാലിയിലെ സ്ഥാനാര്‍ത്ഥിക്കു വോട്ടു ചോദിച്ച് ശോഭ സുരേന്ദ്രന്‍



കൊച്ചി: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ട കഴക്കൂട്ടത്ത് തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനേച്ചൊല്ലി അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു വേണ്ടി ആവേശത്തോടെ വോട്ടു ചോദിച്ച് ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. അങ്കമാലി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥനാര്‍ത്ഥി അഡ്വ കെ വി സാബുവിന്‍റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനിലാണ് ശോഭാ സുരേന്ദ്രന്‍ ചൊവ്വാഴ്ച ഉദ്ഘാടകയായി പങ്കെടുത്തത്.


ദേശീയ നേതൃത്വം കഴക്കൂട്ടത്തേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിച്ചെങ്കിലും തുടക്കം മുതല്‍ സംസ്ഥാന നേതൃത്വം അതിനെതിരേ നിലകൊള്ളുകയാണ്. ദേശീയ നേതൃത്വം അഭിപ്രായം ചോദിച്ചെന്നും കഴക്കൂട്ടത്താണെങ്കില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷവും സംസ്ഥാനനേതൃത്വവും കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഉള്‍പ്പെടെ ശോഭാ സുരേന്ദ്രനെതിരാണെന്നുള്ള വിവരം പുറത്തുവന്നു.


ശോഭാ സുരേന്ദ്രനെ മല്‍സരിപ്പിച്ചാല്‍ താന്‍ പ്രസിഡന്‍റുപദവി രാജിവയ്ക്കുമെന്ന് ഡല്‍ഹിയില്‍ സ്ഥാനാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയെന്നും ആരോപണമുയര്‍ന്നു. സുരേന്ദ്രന്‍ ഇതു നിഷേധിക്കുക മാത്രമല്ല ശോഭ ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും പറയേണ്ടിവന്നു. പുറത്ത് അതു പറയുമ്പോള്‍ത്തന്നെയാണ് ശോഭയെ വെട്ടാനുള്ള പിന്നാമ്പുറ നീക്കങ്ങള്‍ തുടര്‍ന്നത്.


കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് കഴക്കൂട്ടം. അവിടെ മല്‍സരിക്കാന്‍ മുരളീധരനു താല്‍പര്യവുമുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം സമ്മതിക്കുന്നില്ല. എങ്കില്‍ ശോഭയെ മല്‍സരിപ്പിക്കുന്നതിനു പകരം സീറ്റ് ബിഡിജെഎസിനു കൈമാറാന്‍ പോലും സംസ്ഥാന നേതൃത്വം കരുനീക്കുന്നതിനിടെയാണ് അതേക്കുറിച്ചൊന്നും വേവലാതി പ്രകടിപ്പിക്കാതെ അങ്കമാലിയിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടു ചോദിക്കാന്‍ ശോഭ എത്തിയത്. സ്ഥാനാര്‍ത്ഥി ഒരു നിമിത്തം മാത്രമാണെന്നും ബിജെപിക്കും എന്‍ഡിഎയ്ക്കും വിജയം ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും അവര്‍ പ്രവര്‍ത്തകരുടെ കൈയടികള്‍ക്കിടെ പറഞ്ഞു.


സ്വന്തം ഫേസ്ബുക്ക് പേജില്‍ പ്രസംഗം ലൈവ് ചെയ്ത ശോഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മല്‍സരിക്കുമെന്ന തീരുമാനം പുറത്തു വന്ന പിന്നാലെ ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അതിനെ പരിഹസിച്ചത് സമൂഹമാധ്യമങ്ങളിലും പുറത്തും വൈറലായിരുന്നു. കെ ജി മാരാര്‍ക്കും  ഒ.രാജഗോപാലിനും ഉള്‍പ്പെടെ ലഭിക്കാത്ത ഭാഗ്യമാണ് സുരേന്ദ്രനു ലഭിച്ചതെന്നും രണ്ടിടത്തും ജയം ആശംസിക്കുന്നുവെന്നുമാണ് ശോഭ പറഞ്ഞത്. അതിനിടെ, കഴക്കൂട്ടം ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള മണ്ഡലങ്ങളില്‍ ബുധനാഴ്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K