16 March, 2021 08:10:22 PM


തൃശൂരില്‍ മത്സരിക്കുന്നത് പ്രധാനമന്ത്രിയുടെ താല്‍പര്യ പ്രകാരം - സുരേഷ് ഗോപി



തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് തൃശൂരില്‍ മത്സരിക്കാന്‍ എത്തുന്നതെന്ന് സുരേഷ് ഗോപി. ചൊവ്വാഴ്ച ന്യൂമോണിയ ഭേദമായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രി വിട്ട താരം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.


നാല് മണ്ഡലങ്ങള്‍ പാര്‍ട്ടി മുന്നോട്ട് വെച്ചിരുന്നു. പക്ഷെ പ്രധാനമന്ത്രിയ്ക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. കോവിഡ് വാക്‌സിനെടുത്ത ശേഷമാണ് താരം തൃശൂരില്‍ പ്രചാരണത്തിനിറങ്ങുക.

ലതികാ സുഭാഷ് മുടിമുറിച്ച സംഭവത്തെക്കുറിച്ചും താരം പ്രതികരിച്ചു: 'ലതികാസുഭാഷ് എന്നേക്കാള്‍ പ്രായത്തില്‍ ചെറുപ്പമാണ്. എന്‍റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത് മുടി മുഴുവന്‍ മുറിച്ചിട്ടാണ്. അതുകൊണ്ട് തന്നെ വളരെ വിഷമം തോന്നി'.


വാക്‌സിന്‍ എടുത്ത് ആരോഗ്യം വീണ്ടെടുത്ത് താരം മണ്ഡലത്തിലെത്താന്‍ ഇനിയും ഏതാനും ദിവസങ്ങള്‍ എടുത്തേക്കും. എന്നാല്‍ മണ്ഡലത്തില്‍ താരമെത്താന്‍ കാത്ത് നില്‍ക്കാതെ പ്രവര്‍ത്തകര്‍ കാമ്പയിന്‍ തുടങ്ങി. ആദ്യഘട്ട പോസ്റ്ററുകള്‍ ചുമരില്‍ പ്രത്യക്ഷപ്പെട്ടു. സുരേഷ് ഗോപിയാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് വീട് കയറിയുള്ള പ്രചാരണം അണികള്‍ തിങ്കളാഴ്ച തുടങ്ങി. പ്രചാരണം ശക്തമാക്കാന്‍ ബൂത്ത് കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങി.


ഇതിനിടെ 24/7 ചാനലിന്‍റെ അവതാരകന്‍ അരുണിനും പന്തളം സുധാകരനും എതിരായ പൊട്ടിത്തെറി സോഷ്യല്‍ മീഡിയയില്‍ വൈറലായി. നികുതിപ്പണം ഉപയോഗിച്ചാണ് സുരേഷ് ഗോപി എംപി ആയി ഇരിക്കുന്നതെന്നായിരുന്നു ചാനല്‍ അവതാരകന്‍റെ കളിയാക്കല്‍.


ഇതിന് ആശുപത്രിക്കിടക്കയില്‍ കിടന്നുതന്നെ താരം ചാനലിലേക്ക് ഫോണ്‍ ചെയ്ത് തിരിച്ചടിച്ചു: "നികുതി പണം മുടിപ്പിച്ചിട്ടല്ല താന്‍ ആ എംപി കസേരയില്‍ ഇരിക്കുന്നത്. താന്‍ നേരിട്ട് നോമിനേറ്റ് ചെയ്ത് രാജ്യസഭയില്‍ എംപിയായ ആളാണ്. ഒരാളുടെയും നികുതിപ്പണം താന്‍ മുടിപ്പിച്ചില്ല. എംപിയുടെ ശമ്പളവുമായി ലഭിക്കുന്ന തുകയും അതില്‍ കൂടുതലും പാവങ്ങള്‍ക്കായി ചെലവഴിക്കാറുണ്ട്."


താന്‍ വിമാന ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ എംപിയെന്ന പരിഗണന ലഭിക്കാന്‍ ശ്രമിക്കാറില്ല. അതിനാല്‍ ഇത്തരം സര്‍ക്കസൊന്നും എന്‍റെ പേരില്‍ വേണ്ടന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സുരേഷ്ഗോപി പറഞ്ഞു. ആശുപത്രി കിടക്കയില്‍ ആയതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ശേഷം അദ്ദേഹം ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ അരുണ്‍ കുമാറും പന്തളം സുധാകരനും നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K