25 February, 2021 02:24:38 PM


കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ടുപോയത് 'ടിപ്പര്‍ അനി'; മോഷ്ടിച്ചത് 'വീട്ടില്‍ പോകാൻ'



കൊല്ലം:  കൊട്ടാരക്കരയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് കടത്തിക്കൊണ്ടുപോയി പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നിധിനെയാണ് (ടിപ്പര്‍ അനി) പോലീസ് പാലക്കാട്ട് നിന്ന് പിടികൂടിയത്. നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ പാലക്കാട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലിചെയ്തു വരികയായിരുന്നു. 


ഫെബ്രുവരി എട്ടിനാണ് കെ.എസ്.ആര്‍.ടി.സി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് മോഷണം പോയത്. ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ് അര്‍ധരാത്രി കടത്തിക്കൊണ്ടുപോവുകയായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മണിക്കൂറുകള്‍ക്കകം ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്നാണ് ബസ് കടത്തിക്കൊണ്ടുപോയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. 


സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ഒരു യുവാവാണ് ബസ് കടത്തിക്കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ പ്രതിയെക്കുറിച്ച് പിന്നീട് യാതൊരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയായ നിധിന്‍ സംഭവദിവസം രാത്രി കൊട്ടാരക്കരയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇയാളുടെ തുടര്‍ന്നുള്ള മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബസ് സഞ്ചരിച്ച അതേ പാതയിലുള്ള സ്ഥലങ്ങളാണെന്നും മനസിലായി. തുടര്‍ന്നാണ് പാലക്കാട്ട് ഒരു സര്‍വീസ് സ്‌റ്റേഷനില്‍ ജോലിചെയ്തിരുന്ന നിധിനെ പോലീസ് പിടികൂടിയത്. അര്‍ധരാത്രി വീട്ടില്‍ പോകാനായാണ് ബസ് കടത്തിക്കൊണ്ടുപോയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K