24 February, 2021 01:46:08 PM


ടീഷര്‍ട്ട് ഊരി കടലില്‍ ചാടി, വല വലിച്ച് രാഹുല്‍; അമ്പരപ്പ് മാറാതെ തൊഴിലാളികൾ



കൊല്ലം: കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ച്ചാടി വല വലിച്ച് രാഹുല്‍ഗാന്ധി. ബുധനാഴ്ച പുലര്‍ച്ചെയാണ് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് പോയത്. പുലര്‍ച്ചെ നാലു മണിക്ക് തന്നെ രാഹുല്‍ കടപ്പുറത്തെത്തിയിരുന്നു. അഞ്ചു മണിയോടെ രാഹുല്‍ കടലിലേക്ക് ബോട്ടിൽ പുറപ്പെട്ടു. വല വലിക്കുന്ന വേളയിൽ ധരിച്ചിരുന്ന നീല ടീഷര്‍ട്ട് ഊരി രാഹുല്‍ തൊഴിലാളികൾക്കൊപ്പം വെള്ളത്തിലേക്ക് ചാടി.


നന്നായി നീന്തിയ രാഹുല്‍ വല വലിച്ചു കയറ്റാനും സഹായിച്ചെന്ന് ബോട്ടിലുള്ളവര്‍ പറയുന്നു. തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിരുന്ന് ഭക്ഷണവും കഴിച്ചു. അവരുടെ കുടുംബം, വരുമാനം, പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് അനുഭാവപൂര്‍വം ചോദിച്ചറിയുകയും ചെയ്തു. ഒരു മണിക്കൂറാണ് രാഹുല്‍ കടലില്‍ ചെലവഴിച്ചത്.


രാഹുൽ ഇതേക്കുറിച്ച് മത്സ്യത്തൊഴിലാളികളോട് പറഞ്ഞതിങ്ങനെ;

'ഞങ്ങള്‍ ഇന്ന് കടലില്‍ പോയി വല വിരിച്ചു. നിറയെ മല്‍സ്യം ലഭിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ വല വലിച്ചപ്പോള്‍ അതില്‍ വളരെ കുറച്ച് മല്‍സ്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഞാന്‍ നിങ്ങളുടെ പ്രശ്‌നം നേരിട്ടു മനസിലാക്കി. ഇന്നാണിത് ഞാനിതു കാണുന്നത്. നിങ്ങള്‍ എന്നും ഇത് അനുഭവിക്കുന്നു. വള്ളത്തില്‍ വച്ച് തൊഴിലാളി സുഹൃത്തുക്കള്‍ എനിക്ക് മീന്‍ പാചകം ചെയ്ത് തന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവം. ഞാന്‍ ആ സുഹൃത്തുക്കളോട് ചോദിച്ചു. നിങ്ങളുടെ മക്കള്‍ എന്തു ചെയ്യുന്നുവെന്ന്. അവര്‍ പറഞ്ഞത് അവരെ ഈ മേഖലയില്‍ വിടാന്‍ ഒരുക്കമല്ലെന്നും അത്രമാത്രം കഷ്ടപ്പാടാണ് ഇവിടെയെന്നുമാണ്'

'മത്സ്യത്തൊഴിലാളികളോട് ഞാന്‍ ഇന്‍ഷുറന്‍സുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം. ഇപ്പോള്‍ നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് എനിക്ക് അവബോധമുണ്ട്. നിങ്ങളെ മനസ്സിലാക്കാന്‍ എനിക്കാകും. ഞാന്‍ ഒരു ദിവസം മാത്രമാണ് വല വിരിച്ചത്. നിങ്ങള്‍ എല്ലാ ദിവസവു ചെയ്യുന്നു. നിങ്ങളുടെ തൊഴിലിനെ ബഹുമാനിക്കുന്നു. ഞാന്‍ നിങ്ങള്‍ ചെയ്യുന്നതിനെ ആരാധിക്കുന്നു. നമ്മള്‍ മീന്‍ കഴിക്കുന്നുണ്ട്. എന്നാല്‍ അതിനു പിന്നിലെ അധ്വാനത്തെ കുറിച്ച് നാം അറിയാറില്ല'- രാഹുല്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K