19 February, 2021 11:08:04 AM


'ചെന്നിത്തലയുടേത് എന്തെങ്കിലുമൊക്കെ ബോംബ് പൊട്ടിച്ചു നടക്കാമെന്ന വ്യാമോഹം' - മെഴ്‌സിക്കുട്ടിയമ്മ



തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായുള്ള കരാറിൽ അയ്യായിരം കോടിയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. അത്തരമൊരു കരാറേയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മോഹം നടപ്പില്ലെന്നും അവർ വ്യക്തമാക്കി. 


'പ്രതിപക്ഷ നേതാവിന് എന്തെങ്കിലുമൊക്കെ ഒരു ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തി ഉള്ളതു കൊണ്ട് പറഞ്ഞു പോകുന്നതാണ്. അതൊക്കെ അദ്ദേഹത്തിന്റെ ഒരു ദിവാസ്വപ്‌നം മാത്രമാണ്. ഇതൊന്നും ഈ കേരളമണ്ണിൽ ഏശാൻ പോകുന്നില്ല. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തലാണ് ഈ പണി കൊണ്ട് ഇറങ്ങിപ്പുറപ്പെട്ടത് എങ്കിൽ ഞാൻ അദ്ദേഹത്തോട് വിനയപൂർവ്വം പറയുന്നു. ആ വെച്ച പരിപ്പങ്ങ് പിൻവലിക്കുകയാണ് നല്ലത്.' - 
ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.


ട്രോളറുകൾക്ക് ലൈസൻസ് കൊടുക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഡിഎഫ്‌സി ട്രോളറുകൾക്ക് അനുമതി നൽകാനുള്ള അധികാരവും വകുപ്പിനാണ്.ഇതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ പോലും മുമ്പിൽ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കയ്ക്ക് പോയത് യുഎന്നുമായുള്ള ചർച്ചയ്ക്കാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കൂട്ടിക്കെട്ടി പ്രതിപക്ഷ നേതാവ് അസംബന്ധ പ്രചാരണം നടത്തുകയാണ്. നടക്കാത്ത കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ആക്ഷേപം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? - അവർ ചോദിച്ചു.


കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനി ഇഎംസിസി ഇന്റർനാഷണലുമായി സർക്കാർ കരാർ ഒപ്പിട്ടു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. 'അയ്യായിരം കോടി രൂപയുടെ അഴിമതിയാണ് കരാറിൽ നടന്നത്. കരാറിനായി ഗ്ലോബൽ ടെണ്ടർ വിളിച്ചില്ല. ഫിഷറീസ് നയവും സർക്കാർ പൊളിച്ചെഴുതി' - രമേശ് ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K