11 February, 2021 07:29:42 PM


അഭയക്കേസ്‌: ശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിസ്റ്റര്‍ സെഫി ഹൈക്കോടതിയില്‍



കൊച്ചി: അഭയക്കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിവിധി നിയമപരമല്ലെന്ന് ആരോപിച്ച്‌ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ കേസിന് അനുബന്ധമായി സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.


അഭയയുടെ മരണത്തില്‍ തനിക്കും ഫാ. തോമസ് കോട്ടൂരിനും പങ്കുണ്ടെന്നതിന് തെളിവില്ലെന്നും തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. വസ്തുതകള്‍ക്കും തെളിവുകള്‍ക്കും വിരുദ്ധമായ വിധി സ്വാഭാവികനീതിയുടെ ലംഘനമാണ്. സംഭവദിവസം ഞാനും ഒന്നാം പ്രതിയും കണ്ടതിനോ, അഭയയുടെ ശരീരത്തില്‍ ഞങ്ങള്‍ പരിക്കേല്‍പ്പിച്ചതിനോ തെളിവില്ല. 


സാക്ഷിമൊഴിമാത്രം ആശ്രയിച്ചുള്ള വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാതാപിതാക്കള്‍ക്ക് പ്രായമായെന്നും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവര്‍ക്ക് തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ഉപഹര്‍ജിയില്‍ ബോധിപ്പിച്ചു. കേസില്‍ മൂന്നാം പ്രതിയാണ് സിസ്റ്റര്‍ സെഫി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K